എം.വി.അജിത മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ്
12:39 AM Dec 09, 2022 | Deepika.com
മയ്യിൽ: മയ്യിൽ പഞ്ചായത്ത് പ്രസിഡന്റായി എം.വി. അജിത സത്യപ്രതിജ്ഞ ചെയ്തു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വരണാധികാരി കെ. സതീഷ് കുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. മയ്യിൽ അരയടത്തുചിറ വാർഡ് അംഗമായ അജിത വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായിരുന്നു. നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിഷ്ന കേന്ദ്ര സർക്കാർ സ്കോളർഷിപ്പായ ജൂണിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്) നേടി ഗവേഷണത്തിന് അഡ്മിഷൻ ലഭിച്ചതിനെ തുടർന്ന് രാജിവച്ചതോടെയാണ് എം.വി. അജിതയെ ഭരണസമിതി യോഗം പ്രസിഡന്റായി തെരഞ്ഞെടുത്തത്. റിഷ്ന പഞ്ചായത്ത് അംഗത്വവും രാജിവച്ചിരുന്നു. റിഷ്ന രാജിവച്ച വള്ളിയോട്ട് വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. സിപിഎമ്മിന്റെ കോട്ടയായ മയ്യിൽ പഞ്ചായത്തിൽ ആകെ സീറ്റായ 18 ൽ സിപിഎം-16, കോൺഗ്രസ് -ഒന്ന്, മുസ്ലിം ലീഗ് -ഒന്ന് എന്നിങ്ങനെയാണു കക്ഷിനില.