മട്ടന്നൂർ: നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റ കട എക്സൈസ് പൂട്ടിച്ചു. ഇരുപത്തിയൊന്നാം മൈലിൽ പ്രവർത്തിക്കുന്ന നാരായണ ബേക്കറിയിൽ ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയിരുന്നു.
ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീഷ് കുമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരിട്ടി നഗരസഭ അധികൃതർ കട അടപ്പിച്ചത്. ഇവിടെ നിന്നും ഹാൻസ്, കൂൾ ലിപ് തുടങ്ങിയ ഉത്പന്നങ്ങൾ പിടികൂടി കടയുടമ സനേഷിൽ നിന്നും പിഴ ഈടാക്കിയിരുന്നു. യുവാക്കൾക്കും കുട്ടികൾക്കും പുകയില ഉത്പന്നങ്ങൾ വിൽക്കുന്നുവെന്ന പരാതിയിലായിരുന്നു പരിശോധന.
കുറ്റകൃത്യം ആവർത്തിക്കുന്നതിനാൽ കടയുടെ ലൈസൻസ് റദ്ദു ചെയ്ത് അടച്ചുപൂട്ടുന്നതിനു വേണ്ടി നഗരസഭാ അധികൃതർക്ക് എക്സൈസ് അധികൃതർ കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണു നഗരസഭ കടയുടെ ലൈസൻസ് റദ്ദു ചെയ്തത്. തുടർന്നും ഇയാൾ അനധികൃതമായി കട തുറന്നു പ്രവർത്തിക്കുകയും വീണ്ടും പുകയില ഉത്പന്നങ്ങൾ പിടികൂടുകയും ചെയ്തതിനാലാണു കട സ്ഥിരമായി പൂട്ടിച്ചത്. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രജീഷ് കുന്നുമ്മൽ, പ്രിവന്റീവ് ഓഫീസർ അബ്ദുൾ ബഷീർ പിലാട്ട്, സിവിൽ എക്സൈസ് ഓഫീസർമാരായ രമേശൻ, റിജു, അഖിൽ, പ്രജിൽ, എക്സൈസ് ഡ്രൈവർ സി.യു. അമീർ എന്നിവരും ഉണ്ടായിരുന്നു.
നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റ കട എക്സൈസ് പൂട്ടിച്ചു
12:38 AM Dec 09, 2022 | Deepika.com