വെള്ളറട : മലയോര ഹൈവേയില്‍ ചെറിയകൊല്ല ജംഗ്ഷനില്‍ രൂപപ്പെട്ട വെള്ളക്കെട്ടിന് പരിഹാരമായി. വെള്ളക്കെട്ട് ഉണ്ടായതിന് സമീപത്തെ പഞ്ചായത്ത് റോഡിലൂടെ ഓവ് നിര്‍മിച്ച് വെള്ളം ഒഴുക്കി കളയുന്നതിന് കെആര്‍എഫ്ബി അധികൃതര്‍ക്കും റോഡിന്റെ നിര്‍മാണ ചുമതലയുള്ള ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ നിര്‍ദേശം നല്‍കിയതിന്റെ ഭാഗമായി ഇന്നലെ രാവിലെ മുതല്‍ ഓടയുടെ നിര്‍മാണം ആരംഭിച്ചു.
എംഎല്‍എയുടെ നിര്‍ദേശാനുസരണം കഴിഞ്ഞദിവസം പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രദേശവാസികളുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ച് നല്‍കാമെന്ന് ഉറപ്പു നല്‍കിയിരുന്നു.
എംഎല്‍എയും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിക്കുകയും പഞ്ചായത്ത് റോഡിലൂടെ ഓട നിര്‍മിച്ച് വെള്ളം ഒഴുക്കുന്നതിനുള്ള ശ്രമം നടത്തിയെങ്കിലും വാര്‍ഡ് മെമ്പര്‍ ചെറിയകൊല്ല പ്രദീപിന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പണി തടഞ്ഞതിനെ തുടര്‍ന്ന് ഈ ശ്രമം നിര്‍ത്തിവെക്കുകയും അതിനു ശേഷം വെള്ളക്കെട്ടിൽ കിടന്ന് പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു. വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കുകയല്ല അത് ചൂണ്ടിക്കാണിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുകയായിരുന്നു മെമ്പറുടെയും ബിജെപയുടേയും ലക്ഷ്യമെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു.
ചെറിയകൊല്ല ജംഗ്ഷനിലെ വെള്ളക്കെട്ടിന് പരിഹാരമായി
12:29 AM Dec 09, 2022 | Deepika.com