തലശേരി: ക്രിക്കറ്റ് കളിയിലേക്ക് പെൺകുട്ടികൾ കൂടുതലായി അടുത്തുകൊണ്ടിരിക്കുകയാണെന്നും ഉയർന്നുവരാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് പരിശീലനത്തിനായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി. തലശേരി പ്രസ് ഫോറവും ഇ.കെ.നായനാർ സ്മാരക ലൈബ്രറിയും ഒരുക്കിയ സ്വീകരണത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു കോടിയേരി.
വുമൺ ഐപിഎൽ മത്സരത്തിന് കേരളത്തിലും വേദി ഒരുക്കും. മിക്ക ജില്ലകളിലും സ്റ്റേഡിയങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ഇത്രയും കളിസ്ഥലങ്ങൾ കേരളത്തിൽ ഉണ്ടാകാൻ കാരണം ഇ.പി.ജയരാജൻ എന്ന മുൻ കായികമന്ത്രിയാണ്. കേരള ക്രിക്കറ്റ് അസോസിയേഷന് സ്വന്തമായി ഡൊമസ്റ്റിക് സ്റ്റേഡിയങ്ങൾ ഓരോ ജില്ലയിലും വേണ്ടതുണ്ട്. കെസിഎയുടെ ഒരു ക്രിക്കറ്റ് സ്റ്റേഡിയം ഈ ഭരണ സമിതിയുടെ നാളുകളിൽ തന്നെ ഉണ്ടാകും. മിക്കവാറും അത് കൊച്ചിയിലായിരിക്കും സ്ഥാപിക്കുക. രഞ്ജി ട്രോഫി മത്സരങ്ങൾ കേരളത്തിൽ വരാൻ മടിക്കുന്നത് ഫൈവ് സ്റ്റാർ ഫെസിലിറ്റിയുള്ള താമസ സ്ഥലങ്ങളും അനുബന്ധ സൗകര്യങ്ങളും ലഭിക്കാത്തതിനാലാണന്നും ബിനീഷ് കോടിയേരി പറഞ്ഞു.
വുമൺ ഐപിഎലിന് കേരളത്തിൽ വേദി ഒരുക്കും: ബിനീഷ് കോടിയേരി
12:28 AM Dec 08, 2022 | Deepika.com