മൂവാറ്റുപുഴ: വിദ്യാർഥി കണ്സഷൻ അനുവദിക്കുന്നതിന് സ്വകാര്യ ബസ് ഓണേഴ്സ് അസോസിയേഷൻ നൽകുന്ന കാർഡ് ആവശ്യപ്പെടുന്ന ബസ് ജീവനക്കാർക്കും ഉടമകൾക്കുമെതിരെ നടപടി സ്വീകരിക്കണമെന്നു ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സ്കൂൾ സമയങ്ങളിൽ യൂണിഫോം ധരിച്ച വിദ്യാർഥിക്ക് കണ്സഷന് മറ്റു രേഖകൾ ഹാജരാകേണ്ടതില്ലെന്നാണ് ഗതാഗത വകുപ്പിന്റെ നിർദേശം. എന്നാൽ ചില മേഖലകളിൽ ജീവനക്കാർ കാർഡ് ആവശ്യപ്പെടുന്നതായും വിദ്യാർഥികളോട് അപമാര്യാദയായി പെരുമാറുന്നതായും ആക്ഷേപമുയരുന്നതായി യോഗം ചൂണ്ടിക്കാട്ടി.
ബസ് ജീവനക്കാർ ഇത്തരം പ്രവർത്തനം തുടർന്നാൽ ബസ് തടയുന്നതടക്കമുള്ള സമര പരിപാടികൾക്ക് രൂപംനൽകാനും യോഗം തീരുമാനിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി റോബിൻ പി. മാത്യു ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് ജോമോൻ വത്തോലിൽ അധ്യക്ഷത വഹിച്ചു. ഡോമിനിക് മടുക്കാകുഴി, റഫ്സിൻ മുഹമ്മദ്, ബേസിൽ വർഗീസ്, ടിന്റോ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
‘ബസ് ജീവനക്കാർക്കും ഉടമകൾക്കുമെതിരെ നടപടി വേണം’
12:17 AM Dec 08, 2022 | Deepika.com