നീണ്ടൂര്‍: നീണ്ടൂര്‍ പഞ്ചായത്തിലെ ചെറുമുട്ടം-പന്നക്കല്‍ റോഡിന്റെ പണി പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു അഞ്ചാം വാര്‍ഡംഗം സൗമ്യ വിനീഷ് റോഡില്‍ ശയന പ്രദക്ഷിണ സമരം നടത്തി.
2020-ല്‍ ടെന്‍ഡര്‍ നടത്തി കോണ്ട്രാക്ടര് എഗ്രിമെന്റ് വച്ചെങ്കിലും പിന്നീട് പണികള്‍ ആരംഭിച്ചില്ല. പഞ്ചായത്ത് മെംബറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ നടത്തിയ സമ്മര്‍ദത്തെത്തുടര്‍ന്ന് ഈ വര്‍ഷമാദ്യം പണികള്‍ ആരംഭിച്ച് മെറ്റല്‍ നിരത്തി. പിന്നീട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങി. ഇതുമൂലം മെറ്റില് മുഴുവന്‍ ഇളകി കാല്‍നട യാത്രപോലും സാധിക്കാത്ത അവസ്ഥയാണ്. ഇതോടെയാണ് ശയനപ്രദിക്ഷണ സമരം നടത്തിയത്.
പ്രതിഷേധ സമരത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ പങ്കെടുത്തു. കോണ്‍ഗ്രസ് നീണ്ടൂര്‍ മണ്ഡലം പ്രസിഡന്റ് സിനു ജോണിന്റെ അധ്യക്ഷയില്‍ നടന്ന സമരം ഡിസിസി ജനറല്‍ സെക്രട്ടറി എം. മുരളി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തംഗം സബിത ജോമോന്, കെ.ജി. അനില്‍കുമാര്‍, കെ.ആര്. ഷാജി കുഴിപ്പറമ്പില്‍, ജോയി ചാക്കോ, ജോയി വഞ്ചിയില്‍, അരുണ്‍ ജോണ്‍ പെരുമാപ്പാടം എന്നിവര്‍ പ്രസംഗിച്ചു.
റോഡില്‍ ശയന പ്രദക്ഷിണ സമരവുമായി പഞ്ചായത്തംഗം
11:31 PM Dec 07, 2022 | Deepika.com