എരുമേലി: റോഡരികിൽ കുമിഞ്ഞ കോഴിഫാമുകളിലെയും ബാർബർ ഷോപ്പുകളിലെയും ഉൾപ്പടെ മാലിന്യങ്ങൾ നീക്കി ശുചീകരിച്ച് വീട്ടമ്മമാർ പോയതിന്റെ പിന്നാലെ വൻതോതിൽ കരിക്കിൻതൊണ്ടുകൾ മാലിന്യങ്ങളായി റോഡരികിൽ. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന എരുമേലി - കാരിത്തോട് - ചേനപ്പാടി റോഡിലാണ് സംഭവം. കരിക്ക് വിൽപ്പനക്കാരാണ് തൊണ്ടുകൾ തള്ളിയതെന്ന് സംശയിക്കുന്നു.
എരുമേലി പഞ്ചായത്ത് കിഴക്കേക്കര വാർഡംഗം പി.കെ. തുളസിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളായ വീട്ടമ്മമാർ കഴിഞ്ഞ ദിവസമാണ് റോഡ് ശുചീകരിച്ചത്. ഇവർ ജോലി പൂർത്തിയാക്കി പോയ ശേഷമാണ് മാലിന്യങ്ങൾ തള്ളിയത്.
മാലിന്യങ്ങൾ തള്ളിയ സാമൂഹികവിരുദ്ധരെ പിടികൂടണമെന്ന് മെംബർ എരുമേലി പോലീസിനോട് ആവശ്യപ്പെട്ടു. കരിക്കിൻ തൊണ്ടുമായി പോയ വാഹനത്തിൻെറ സിസിടിവി കാമറ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും മെംബർ ആവശ്യപ്പെട്ടു.
വനിതാമെംബറും വീട്ടമ്മമാരും മാലിന്യം നീക്കി; വീണ്ടും മാലിന്യംതള്ളി സാമൂഹികവിരുദ്ധർ
11:05 PM Dec 07, 2022 | Deepika.com