ആലപ്പുഴ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ചെറിയ കലവൂര്‍ ക്ഷേത്രത്തിനു മുന്നില്‍ ഏറ്റെടുത്ത സ്ഥലത്തുള്ള ആല്‍മരത്തെ സംരക്ഷിച്ച് ജില്ല ഭരണകൂടം. 50 വര്‍ഷം പഴക്കമുള്ള ആല്‍മരം വനംവകുപ്പിലെ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന് മുന്നിലെ കുളത്തിന് സമീപത്തു നിന്നു 20 മീറ്ററോളം അകലേക്ക് സുരക്ഷിതമായി മാറ്റിനട്ടു. ദേശീയപാത വികസനത്തിന്റെ ഭാഗമായി വലിയ മരങ്ങള്‍ മുറിച്ചു മാറ്റേണ്ടി വന്ന സാഹചര്യത്തിലാണ് മരത്തെ സംരക്ഷിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നത്. മാറ്റി നടുന്ന പ്രവൃത്തികള്‍ വിലയിരുത്താന്‍ ജില്ല കളക്ടര്‍ വി.ആര്.കൃഷ്ണ തേജ നേരിട്ട് എത്തിയിരുന്നു.
മരത്തിന്റെ വലിയ ശിഖരങ്ങള്‍ മുറിച്ചുമാറ്റി ഭാരം കുറച്ചത്തിന് ശേഷം വേരുകള്‍ അതേപടി നിലനിര്‍ത്തി ജെസിബി, ക്രെയിന്‍ എന്നിവ ഉപയോഗിച്ചാണ് മരം സുരക്ഷിതമായി മാറ്റിനട്ടത്. മരം ഉണങ്ങി പോകാതിരിക്കാനായി മരുന്നും തളിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കളക്ടര്‍ (എല്‍എ) ചന്ദ്രശേഖരന് നായര്‍, പി.വി. സജീവ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും എത്തിയിരുന്നു.
ദേശീയപാത വികസനം: ആല്‍മരത്തിനു പുതുജീവന്‍
10:01 PM Dec 07, 2022 | Deepika.com