എടത്വ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ പതിനായിരങ്ങള്‍ ഇന്നലെ പൊങ്കാല അര്‍പ്പിച്ചു. രാവിലെ 11ന് പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകര്‍ന്നതോടെ നാടും നഗരവും അക്ഷരാര്‍ഥത്തില്‍ യജ്ഞശാലയായി മാറി. ക്ഷേത്രപരിസരത്തിനു പുറമേ 70 കിലോമീറ്ററോളം നീളത്തില്‍ വരെ പൊങ്കാലയര്‍പ്പിക്കാനെത്തിയവരുടെ നിര നീണ്ടു.
ക്ഷേത്രത്തില്‍നിന്ന് മുളക്കുഴ, ഇടിഞ്ഞില്ലം-തിരുവല്ല, വള്ളംകുളം-കറ്റോട്, ചെന്നിത്തല-പൊടിയാടി, വീയപുരം, പച്ച-എടത്വ, മുട്ടാര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് വിവിധ റോഡരികുകളിലൂടെ പൊങ്കാലര്‍പ്പണം നീണ്ടു. കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നും തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ഡല്‍ഹി തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍നിന്നും ഒട്ടേറെ ഭക്തര്‍ പൊങ്കാലയിടാനെത്തിയിരുന്നു.
മഹാഗണപതി ഹോമത്തോടെയാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചത്. വിളിച്ചുചൊല്ലി പ്രാര്‍ഥനയ്ക്കുശേഷം മുഖ്യകാര്യദര്‍ശി ഉണ്ണികൃഷ്ണന് നമ്പൂതിരി പണ്ടാര പൊങ്കാല അടുപ്പില്‍ അഗ്നി പകര്‍ന്നു. ഭക്തര്‍ തയാറാക്കിയ നിവേദ്യം തിരുവായുധവുമായി എത്തിയ വെളിച്ചപ്പാടുകള്‍ തീര്‍ഥവും പുഷ്പവും അര്‍പ്പിച്ച് നേദിച്ചു. അന്‍പതോളം വെളിച്ചപ്പാടുകളെ പൊങ്കാല നേദിക്കാന്‍ നീയമിച്ചിരുന്നു.
പൊങ്കാലയ്ക്കു മുന്നോടിയായി നടന്ന പൊതുസമ്മേളനം യുവനടന് ഗോകുല്‍ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. പുതുതായി പണികഴിപ്പിച്ച ആനക്കൊട്ടില്‍ മനോജ് കുമാര്‍ ശ്രീശൈലവും ഭാര്യ ബിന്ദു മനോജും ചേര്‍ന്ന് സമര്‍പ്പിച്ചു. പൊങ്കാല നേദ്യത്തിനുശേഷം വിശിഷ്ടമായ ദിവ്യാഭിഷേകവും ഉച്ച ദീപാരാധനയും നടന്നു.
ചക്കുളത്തുകാവില്‍ പതിനായിരങ്ങള്‍ പൊങ്കാല അര്‍പ്പിച്ചു
10:01 PM Dec 07, 2022 | Deepika.com