നെടുങ്കണ്ടം: നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് നെടുങ്കണ്ടം ടൗണില്‍ നിര്‍മിക്കുന്ന ആധുനിക മാര്‍ക്കറ്റ് സമുച്ചയത്തിന്റെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തം ആരംഭിച്ചു. 19 കോടി രൂപ മുടക്കില്‍ നിര്‍മിക്കുന്ന മാര്‍ക്കറ്റ് സമുച്ചയത്തിന്റെ ആദ്യഘട്ടം എട്ടു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. ആദ്യഘട്ടത്തില്‍ അഞ്ചുകോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും. മൂന്നു നിലകളിലായി 30 കൊമേര്‍ഷ്യല്‍ ഷോപ്പുകള്‍, മത്സ്യ, മാംസ, പച്ചക്കറി സ്റ്റാളുകള്‍, എസ്പാന്ഷല് ജോയിന്റ്, റാമ്പ് എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. രണ്ടാം ഘട്ടത്തില്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ക്കായി രണ്ട് സെല്ലാറുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. നാല് വര്‍ഷത്തിനുള്ളില്‍ മാര്‍ക്കറ്റ് സമുച്ചയം പൂര്‍ത്തിയാക്കും.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചുള്ള പൈലിംഗ് പ്രവര്‍ത്തനങ്ങളുടെ സ്വിച്ച് ഓണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭനാ വിജയന് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ ബിന്ദു സഹദേവന്, സുരേഷ് പള്ളിയാടിയില്‍, വിജിമോള്‍ വിജയന്, സിജോ നടയ്ക്കല്‍, എം.എസ്. മഹേശ്വരന്, ജോജി ഇടപ്പള്ളിക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
നെടുങ്കണ്ടത്ത് ആധുനിക മാര്‍ക്കറ്റ് : ആദ്യഘട്ട നിര്‍മാണം ആരംഭിച്ചു
09:56 PM Dec 07, 2022 | Deepika.com