അരുവിത്തുറ: അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെ നഞ്ചിയമ്മ എന്ന സാധാരണ സ്ത്രീക്ക് ദേശീയ പുരസ്കാരം വാങ്ങി കൊടുത്ത ജെയ്ക് ബിജോയി വെള്ളൂക്കുന്നേലിനെ അരുവിത്തുറ പള്ളി ആദരിച്ചു.
അരുവിത്തുറ പള്ളിയുടെ സാമുഹിക, സാംസ്കരിക ആത്മീയ കർമ പരിപാടിയായ സഹദയുടെ ഭാഗമായ സുകൃത യുവത്വ വേദിയാണ് പരിപാടി സംഘടിപ്പിച്ചത്. ഇക്കോ ദി വോയ്സ് ഓഫ് ഗോഡ് എന്ന പേരിൽ നടത്തിയ പരിപാടിയിൽ യുവാക്കൾക്ക് വ്യക്തിത്വ വികസന ക്ലാസും കൾച്ചറൽ പ്രോഗ്രാമും നടത്തി.
അരുവിത്തുറ പള്ളി വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ജെയ്ക് ബിജോയി ഉദ്ഘാടനം ചെയ്തു. സഹദ ജനറൽ കൺവീനർ ഡോ. റെജി മേക്കാടൻ മെമന്റോ നൽകി ജെയ്ക്ക് ബിജോയിയെ ആദരിച്ചു. ഫാ. ആന്റണി തോട്ടക്കര, ഡിറ്റോ തോട്ടത്തിൽ, ബെനിസൺ സണ്ണി, മാമ്മൻ മാത്യു ജേക്കബ് എന്നിവർ പ്രസംഗിച്ചു. അരുവിത്തുറ വെള്ളൂക്കുന്നേൽ ബിജോയി ജേക്കബിന്റെ മൂത്ത മകനാണ് ജെയ്ക്.
ജെയ്ക് സംവിധാനം ചെയ്ത "പറയുവാനിതാദ്യമായി' എന്ന സിനിമാഗാനം പാടിയപ്പോൾ യുവാക്കൾ കരഘോഷത്തോടെ അഭിനന്ദിച്ചു.
ഫയർ സേഫ്റ്റി
ബോധവത്കരണം
അരുവിത്തുറ: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ഫയർ ആൻഡ് സേഫ്റ്റി ബോധവത്കരണവും പ്രദർശനവും നടത്തി. പ്രിൻസിപ്പൽ ഷാജി മാത്യു മേക്കാട്ട് ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട ഫയർ സ്റ്റേഷനിലെ ബിനു സെബാസ്റ്റ്യൻ, എം.എ. വിഷ്ണു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ആദരിച്ചു
09:50 PM Dec 07, 2022 | Deepika.com