ചെമ്പേരി: മാനന്തവാടി സെന്റ് ജോസഫ്സ് ടിടിഐയിൽ 1972 മുതൽ രണ്ടുവർഷക്കാലം സഹപാഠികളായിരുന്നവർ അരനൂറ്റാണ്ടിനു ശേഷം വീണ്ടും കണ്ടുമുട്ടി.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ളവരും ഇപ്പോൾ വിരമിച്ച അധ്യാപകരുമായ സഹപാഠികൾ തങ്ങളുടെ ബാച്ചിന്റെ സുവർണ ജൂബിലി സംഗമം പഠിച്ച വിദ്യാലയത്തിൽ ഒത്തുചേർന്ന് ആഘോഷിച്ചു.
നിലവിലുള്ള പ്രിൻസിപ്പൽ അന്നമ്മ എം. ആന്റണിയും അധ്യാപകരും വിദ്യാർഥികളും ചേർന്ന് ആദ്യകാല അധ്യാപക-വിദ്യാർഥികൾക്ക് വരവേൽപ്പ് നൽകി.
സമ്മേളനത്തിൽ ആദ്യകാല അധ്യാപകൻ വി.സി. ഏബ്രഹാം അധ്യക്ഷത വഹിച്ചു. അന്നത്തെ മുഖ്യാധ്യാപിക സുശീല തോമസിനെയും അന്തരിച്ച സഹപാഠി എം.ജെ. ജോസിനെയും ചടങ്ങിൽ അനുസ്മരിച്ചു. മാനന്തവാടിയിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായ റിട്ട. ഹൈസ്കൂൾ മുഖ്യാധ്യാപകൻ ജോസ് പുന്നക്കുഴി സംഗമത്തിൽ മുഖ്യസഹകാരിയായിരുന്നു.
അരനൂറ്റാണ്ടിനുശേഷം സഹപാഠികളുടെ സംഗമം
01:04 AM Dec 07, 2022 | Deepika.com