മട്ടന്നൂർ: മട്ടന്നൂർ നഗരത്തിലെയും പരിസരങ്ങളിലെയും ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. മട്ടന്നൂർ - ഇരിട്ടി റോഡിലെ ആദിത്യാസ്, ഉരുവച്ചാലിലെ കണ്ണൂർ സ്പൈസ് എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ചിക്കൻ, ബീഫ്, പൊറോട്ട, ഗോബി മഞ്ചൂരിയൻ തുടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് പഴകിയതായി കണ്ടെത്തിയത്.
ഇന്നലെ രാവിലെ മട്ടന്നൂർ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ സി. അബ്ദുൾ റഫീക്കിന്റെ നേതൃത്വത്തിലാണ് എട്ട് ഹോട്ടലുകളിൽ പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യത്തിലും അടിസ്ഥാന സൗകര്യമില്ലാതെ പ്രവർത്തിക്കുന്നതുമായ മൂന്ന് ഹോട്ടലുകൾക്ക് നോട്ടീസ് നൽകുമെന്നും നിർദേശം പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. പരിശോധന തുടരുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.
ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷിജോയ് കുമാർ, ശ്യാം കൃഷ്ണൻ, എം. ശ്രീജിത്ത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി
01:03 AM Dec 07, 2022 | Deepika.com