കൂത്തുപറമ്പ്: ഉത്തരമലബാറിലെ ഏറ്റവും വലിയ ഉന്നതവിദ്യാഭ്യാസകേന്ദ്രമായ കൂത്തുപറന്പ് നിർമലഗിരി കോളജിൽ ഈമാസം 31ന് പൂർവവിദ്യാർഥികളെ പങ്കെടുപ്പിച്ച് ഗ്രാൻഡ് അലൂംനി മീറ്റ് സംഘടിപ്പിക്കുമെന്ന് പൂർവവിദ്യാർഥി സംഘടന പ്രസിഡന്റ് മമ്പറം ദിവാകരനും സംഘാടകസമിതി ചെയർമാൻ ഡോ.ജോൺ ജോസഫും പത്രസമ്മേളനത്തിൽ അറിയിച്ചു.
31 ന് രാവിലെ 9.30ന് രജിസ്ട്രേഷനുശേഷം ഡിപ്പാർട്ട്മെന്റ് തല മീറ്റിംഗ്, പ്രീഡിഗ്രി ബാച്ചുകാർക്ക് പ്രത്യേക മീറ്റിംഗ് എന്നിവയും നടക്കും.
രാവിലെ 11ന് പൂർവ വിദ്യാർഥികൂടിയായ തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അലൂംനി മീറ്റ് ഉദ്ഘാടനം ചെയ്യും
മന്ത്രിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ, സാംസ്കാരിക നേതാക്കൾ, വ്യത്യസ്ത മേഖലകളിലെ പ്രതിഭകൾ, സാംസ്കാരിക നായകൻമാർ എന്നിവർ പങ്കെടുക്കും. 1964 ൽ സ്ഥാപിതമായ കോളജിൽനിന്ന് 1,25,000ത്തിലധികം പൂർവ വിദ്യാർഥികൾ പഠിച്ചിറങ്ങിയിട്ടുണ്ടെന്നും രണ്ടായിരത്തിലേറെ പേർ സംഗമത്തിൽ പങ്കെടുക്കുമെന്നും സംഘാടകർ പറഞ്ഞു. പത്രസമ്മേളനത്തിൽ നിർമലഗിരി കോളജ് പ്രിൻസിപ്പൽ ഡോ.കെ.വി.ഔസേപ്പച്ചൻ, സംഘാടകസമിതി അംഗം ബിജു ഫ്രാൻസിസ്, പിആർഒ ഡോ. ദീപാ മോൾ മാത്യു എന്നിവരും കാര്യങ്ങൾ വിശദീകരിച്ചു.
നിർമലഗിരി കോളജിൽ 31ന് ഗ്രാൻഡ് അലൂംനി മീറ്റ്
12:39 AM Dec 07, 2022 | Deepika.com