ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ബാധിതര്‍ക്കായി വീണ്ടും പ്രത്യേക വാര്‍ഡ് തുറന്നു. കോവിഡ് രോഗികളെ ജനറല്‍ വാര്‍ഡുകളില്‍ കിടത്തി ചികിത്സിക്കുന്നതായി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണിത്. കഴിഞ്ഞയാഴ്ച കോവിഡ് ബാധിച്ച് ചികിത്സ തേടിയെത്തിയ പതിമൂന്നുകാരനെ ജനറല്‍ മെഡിസിന് വാര്‍ഡില്‍ കിടത്തി ചികിത്സിച്ചത് ആക്ഷേപത്തിനിടയാക്കിയിരുന്നു.
കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതനുസരിച്ച് അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ മുകളിലുള്ള സി2, സി3, സി4 എന്നീ നിലകളിലാണ് രോഗികളെ കിടത്തി ചികിത്സിച്ചിരുന്നത്. വെന്റിലേറ്റര്‍ സൗകര്യമുള്ള തീവ്ര പരിചരണ യൂണിറ്റുകളും ഈ വാര്‍ഡുകളില്‍ ഉണ്ടായിരുന്നു. രോഗികളുടെ എണ്ണം കുറയുന്നത് അനുസരിച്ച് വാര്‍ഡുകളുടെ എണ്ണവും കുറച്ചിരുന്നു. അവസാനം കോവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്നതിനായി സി4 വാര്‍ഡ് മാത്രമാണുണ്ടായിരുന്നത്. കോവിഡ് ബാധിതര്‍ ഇല്ലാതായതോടെ മാസങ്ങളായി കോവിഡ് ബാധിതരെ കിടത്തി ചികിത്സിച്ചിരുന്ന പ്രത്യേക വാര്‍ഡും നിര്‍ത്തിയിരുന്നു. കോവിഡ് ബാധിതരെ ജനറല്‍ വാര്‍ഡുകളില്‍ കിടത്തി ചികിത്സിക്കുന്നതിലൂടെ മറ്റുള്ള രോഗികള്‍ക്ക് കോവിഡ് പിടിപെടുമോയെന്ന ഭയപ്പാടിനെത്തുടര്ന്നാണ് വീണ്ടും കോവിഡ് വാര്‍ഡ് തുറന്നത്.
കോട്ടയം മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിതര്‍ക്കായി വാര്‍ഡ് തുറന്നു
10:55 PM Dec 06, 2022 | Deepika.com