അമ്പലപ്പുഴ: അമ്പലപ്പുഴയിൽ വർധിച്ചുവരുന്ന വഴിയോരക്കച്ചവടത്തിനെതിരേ വ്യാപാരി വ്യവസായികൾ പ്രക്ഷോഭം ആരംഭിച്ചു. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാത വഴിയോരക്കച്ചവടക്കാർ കൈയടക്കിയിരിക്കുകയാണ്. ജിഎസ്ടിയും ഭീമമായ കട വാടകയും പഞ്ചായത്ത് ലൈസൻസും തൊഴിൽ നികുതിയും നൽകി കച്ചവടം ചെയ്യുന്ന ചെറുകിട വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് വാഹനങ്ങളിൽ വഴിയോരക്കച്ചവടം അമ്പലപ്പുഴയിൽ തഴച്ചുവളരുന്നത്.
ഇതിനെതിരേ നടപടി സ്വീകരിക്കാത്ത അധികൃതരുടെ നിലപാടിനെതിരേയാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലപ്പുഴ ടൗൺ, ക്ഷേത്രം യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. രാവിലെ 11 വരെ കടകളടച്ച് വ്യാപാരികൾ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു. അമ്പലപ്പുഴ പടിഞ്ഞാറെ നടയിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമാപിച്ചു. നൂറുകണക്കിന് വ്യാപാരികളാണ് പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത്. തുടർന്നു നടന്ന ധർണ ജില്ലാ വൈസ് പ്രസിഡന്റ് സജു പാർഥസാരഥി ഉദ്ഘാടനം ചെയ്തു. ടൗൺ യൂണിറ്റ് പ്രസിഡന്റ് എൻ. മോഹൻ ദാസ് അധ്യക്ഷത വഹിച്ചു. തോമസ് കണ്ടൻചേരി, മുജീബ് റഹ്മാൻ, അഹമ്മദ്, മനു സോപാനം, മനോജ് എവർ ഫ്രഷ്, ബഷീർ തട്ടാപറമ്പ്, ദിനേശ് കുമാർ, മുസ്തഫ ബ്രദേഴ്സ്, അൻസാരി കൂവപ്പള്ളി ഹമീദ്, തങ്കച്ചൻ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
വഴിയോരക്കച്ചവടത്തിനെതിരേ വ്യാപാരി വ്യവസായികൾ പ്രക്ഷോഭം ആരംഭിച്ചു
10:35 PM Dec 06, 2022 | Deepika.com