മറയൂര്‍: കേരളത്തില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെക്കുറിച്ചു പഠനം നടത്തുന്നതിന് കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന ഉത്തരേന്ത്യയില്‍നിന്നുള്ള സംഘം മറയൂര്‍ സര്‍വീസ് സഹകരണബാങ്കിലും എത്തി. ഉത്തര്‍ പ്രദേശിലെ ലക്നൗ ആസ്ഥാനമായ ബാങ്കേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ റൂറല്‍ ഡവലപ്മെന്റ് പ്രിന്‍സിപ്പൽമാരും ഡയറക്ടറുമാരും ഉള്‍പ്പെടുന്ന സംഘമാണ് മറയൂരിലെത്തിയത്.
മറയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സൂപ്പര്‍ മാര്‍ക്കറ്റ്, മെഡിക്കല്‍ സ്റ്റോര്‍, കാര്‍ഷിക സേവനകേന്ദ്രം, സ്പൈസ് ഔട്ട് ലെറ്റ്, വിനോദ സഞ്ചാരമേഖലയിലെ പ്രവര്‍ത്തനങ്ങള്‍, സഹകരണ ബാങ്കിന്റെ കരിമുട്ടിയിലുള്ള മിസ്റ്റി റേഞ്ച് റിസോര്‍ട്ട് എന്നിവ നേരില്‍കണ്ട് പ്രവര്‍ത്തനരീതി റെക്കോഡ് ചെയ്തു. നബാര്‍ഡ് ഇടുക്കി ഡിഡിഎം അജീഷ് ബാലു, പിഎസിഎസ് ഡവലപ്മെന്റ് കോ-ഓര്‍ഡിനേറ്റര്‍ ആനന്ദവല്ലി, അനീഷ്, മറയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആന്‍സി ആന്റണി, സെക്രട്ടറി ജോര്‍ജ് കുഞ്ഞപ്പന് എന്നിവര്‍ കേന്ദ്രസംഘത്തെ സ്വീകരിച്ചു.
ഇടമലക്കുടി സ്കൂൾ കെട്ടിടം:
66 ലക്ഷം അനുവദിച്ചു
തൊടുപുഴ: ഇടമലക്കുടിയിൽ പുതിയ സ്കൂൾ കെട്ടിടം നിർമിക്കുന്നതിന് കൊച്ചിൻ ഷിപ് യാർഡിന്റെ സിഎസ്ആർ ഫണ്ടിൽനിന്നു 66 ലക്ഷം രൂപ അനുവദിച്ചതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. 27 കുടികളിലായി കഴിയുന്ന ആദിവാസി സമൂഹത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി സ്കൂളിന് പുതിയ കെട്ടിടവും പാചകപ്പുരയും മെസും അനുവദിക്കാൻ 2020ൽ കൊച്ചിൻ ഷിപ്യാർഡിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഷിപ്യാർഡ് പ്രതിനിധികൾ ഇടമലക്കുടിയിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
സഹകരണ മേഖലയെക്കുറിച്ചു പഠിക്കാന്‍ കേന്ദ്രസംഘം മറയൂരിൽ
10:27 PM Dec 06, 2022 | Deepika.com