തൊടുപുഴ: മുട്ടത്തെ എംജി സർവകലാശാല കാന്പസിൽ തുടങ്ങുന്ന ടൂറിസം പഠനകേന്ദ്രത്തിന്റെ മന്ദിരനിർമാണം ദ്രുതഗതിയിൽ മുന്നോട്ട്. കെട്ടിടനിർമാണം പൂർത്തിയായി. വൈദ്യുതി, പ്ലംബിംഗ്, പെയിന്റിംഗ്, ചുറ്റുമതിൽ എന്നീ ജോലികളാണ് ഇനിയുള്ളത്. 10 കോടി ഉപയോഗിച്ചു രണ്ടു നിലകളിലായി 40,000 ചതുരശ്രയടി വിസ്തീർണത്തിലുള്ള കെട്ടിടസമുച്ചയമാണ് പൂർത്തിയാകുന്നത്.
എംജി സർവകലാശാലയ്ക്കു കീഴിൽ പുതുതായി തുടങ്ങുന്ന കോഴ്സുകൾ പലതും മുട്ടം കാന്പസിൽ പ്രവർത്തിപ്പിക്കാനാണ് ഉന്നതതല തീരുമാനം. ഇതിനു മുന്നോടിയായാണ് ടൂറിസം പഠനകേന്ദ്രം ആരംഭിക്കുന്നതെന്നു സർവകലാശാല അധികൃതർ പറഞ്ഞു.
25 ഏക്കർ
കാന്പസ്
എംജി സർവകലാശാലയുടെ കീഴിൽ നിലവിൽ മുട്ടത്തു പ്രവർത്തിക്കുന്ന വിശാലമായ എൻജിനിയറിംഗ് കോളജ് കാന്പസിന്റെ സമീപത്താണ് ടൂറിസം പഠനകേന്ദ്രവും ഒരുങ്ങുന്നത്. തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയോടു ചേർന്ന് സർവകലാശാലയ്ക്കു മുട്ടം കാന്പസിൽ 25 ഏക്കറോളം സ്ഥലം സ്വന്തമായുണ്ട്.
വിശാലമായ കാന്പസിൽ പുതിയ കോഴ്സുകൾ തുടങ്ങാനുള്ള സ്ഥലസൗകര്യവുമുണ്ട്. സർവകലാശാലയുടെ കീഴിൽ വിവിധ സ്ഥലങ്ങളിലായി 14 ടീച്ചിംഗ് കോഴ്സുകളാണ് (ഡിഫറന്റ് സ്കൂൾസ് ) നിലവിൽ പ്രവർത്തിച്ചുവരുന്നത്. ഇതിൽ പ്രധാനപ്പെട്ട ടീച്ചിംഗ് കോഴ്സുകൾ മിക്കതും അതിരന്പുഴയിൽ സർവകലാശാല ആസ്ഥാനത്തുതന്നെയാണ് പ്രവർത്തിക്കുന്നത്.
നിരവധി
കോഴ്സുകൾ
സ്കൂൾ ഓഫ് സോഷ്യൽ സയൻസ്, സ്കൂൾ ഓഫ് ഇന്ത്യൻ ലീഗ് തോട്ട് എന്നിങ്ങനെയുള്ള മറ്റു സ്കൂളുകൾ സർവകലാശാല ആസ്ഥാനത്തിനു പുറമെയുള്ള കാന്പസുകളിലും പ്രവർത്തിക്കുന്നുണ്ട്.
മുട്ടം കാന്പസിൽ സജ്ജമാകുന്ന ടൂറിസം പഠനകേന്ദ്രത്തിൽ മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്, മാസ്റ്റർ ഓഫ് ട്രാൻസ്പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്സ്, മാസ്റ്റർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് എന്നിങ്ങനെ വിവിധ കോഴ്സുകളാണ് വിഭാവനം ചെയ്യുന്നത്.
സിനിമ, ടെലിവിഷൻ കോഴ്സുകൾക്കായുളള ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, സർട്ടിഫിക്കറ്റ് ഇൻ ഡിപ്ലോമ, ഹൃസ്വകാല കോഴ്സുകൾക്കുള്ള ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടൈം പ്രോഗ്രാംസിന്റെ പ്രാദേശികകേന്ദ്രം, പിഎച്ച്ഡി, എംഫിൽ പ്രോഗ്രാമുകൾ എന്നിവയും ഉൾപ്പെടും.
ഹബ്ബായി മാറും
ടൂറിസം പഠനകേന്ദ്രംകൂടി പ്രവർത്തനസജ്ജമാകുന്നതോടെ മുട്ടം പഞ്ചായത്ത് ജില്ലയുടെ വിദ്യാഭ്യാസ ഹബ്ബായി മാറും. ഗവ. പോളിടെക്നിക് ,യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ്, ഐഎച്ച്ആർഡി കോളജ്, ഐഎച്ച്ആർഡി ടെക്നിക്കൽ എച്ച്എസ്എസ്, ഗവ. എച്ച്എസ്എസ്, ആരോഗ്യവകുപ്പിന്റെ നഴ്സിംഗ് സ്കൂൾ, പഞ്ചായത്ത് എൽപി സ്കൂൾ, ഐടിസി, അണ് എയ്ഡഡ്-സ്വകാര്യ മേഖലയിലെ മറ്റ് നിരവധി സ്കൂളുകൾ എന്നിങ്ങനെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും മുട്ടം മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.
മുട്ടം ജില്ലയുടെ വിദ്യാഭ്യാസ ഹബ്ബാകും
10:23 PM Dec 06, 2022 | Deepika.com