പാലാ: അമലോത്ഭവ മാതാവിന്റെ ജൂബിലിത്തിരുനാള്‍ പ്രഭയിലാണ് പാലാ. ഇന്നും നാളെയുമായി നാടിന്റെ നാനാഭാഗങ്ങളില്‍നിന്നു ജാതിമതഭേദമെന്യേ മരിയഭക്തര്‍ പാലായിലേക്ക് ഒഴുകിയെത്തും. പാലാ പട്ടണവും വ്യാപാരസ്ഥാപനങ്ങളും കൊടിതോരണങ്ങളാലും വൈദ്യുതദീപാലങ്കാരങ്ങളാലും വര്ണപ്രഭമായി.
നാളെയാണു പ്രധാന തിരുനാള്‍. തിരുനാളിന് കൊടിയേറിയതു മുതല്‍ ടൗണ്‍ കുരിശുപള്ളിയില്‍ നേര്ച്ചകാഴ്ചകള് സമര്‍പ്പിക്കുന്നതിനും തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനും ധാരാളം മരിയഭക്തരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇന്നു രാവിലെ 11ന് അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപം പന്തലില്‍ പ്രതിഷ്ഠിക്കും. ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ മുഖ്യകാര്‍മികത്വം വഹിക്കും. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് പ്രദക്ഷിണം. രാത്രി 7.30ന് കൊട്ടാരമറ്റം സാന്തോം കോംപ്ലക്സില്‍ പ്രദക്ഷിണസംഗമത്തെത്തുടര്ന്ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ സന്ദേശം നല്‍കും.
ഇന്നും നാളെയും പ്രദക്ഷിണം
ഇന്നു വൈകുന്നേരം ആറിന് കത്തീഡ്രലില്‍നിന്നു മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം സെന്റ് തോമസ് ചാപ്പലില്‍ ലദീഞ്ഞിനു ശേഷം പുത്തന്‍പള്ളിയില്‍നിന്നു ബൈപാസ് വഴി മാര്‍ത്തോമാശ്ലീഹായുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവുമായി കൊട്ടാരമറ്റം ജംഗ്ഷനില്‍ സംഗമിച്ച് സാന്തോം കോംപ്ലക്സിലേക്ക് എത്തും. മാര്‍ തോമസ് തറയില്‍ സന്ദേശം നല്‍കും. തുടര്‍ന്ന് കുരിശുപള്ളിയിലേക്കു പ്രദക്ഷിണം.
നാളെ വൈകുന്നേരം നാലിനാണ് പ്രദക്ഷിണം ആരംഭിക്കുന്നത്. കുരിശുപള്ളിയില്നിന്നു മാതാവിന്റെ തിരുസ്വരൂപവും സംവഹിച്ച് ളാലം പഴയപള്ളി ഗ്രോട്ടോ, മാര്‍ക്കറ്റ് ജംഗ്ഷന്, സിവില്‍ സ്റ്റേഷന്, ടിബി റോഡിലുള്ള പന്തല്‍, ന്യൂബസാര്‍, കട്ടക്കയം റോഡിലുള്ള പന്തല്‍, ളാലം പഴയപാലം ജംഗ്ഷന് എന്നിവിടങ്ങളിലൂടെ രാത്രി 8.45നു തിരികെ കുരിശുപള്ളിയിലെത്തും.
പ്രധാന തിരുനാള്‍ നാളെ
പ്രധാന തിരുനാള്‍ ദിനമായ നാളെ രാവിലെ 6.30ന് സുറിയാനി ഭാഷയില്‍ വിശുദ്ധ കുര്‍ബാന - മാര്‍ ജോസഫ് കല്ലറങ്ങാട്ട്. രാവിലെ എട്ടിന് പാലാ സെന്റ് മേരീസ് സ്കൂള്‍ വിദ്യാര്‍ഥിനികളുടെ മരിയന്‍ റാലി. പത്തിന് വിശുദ്ധ കുര്‍ബാന, സന്ദേശം - ഫാ. ദേവസ്യാച്ചന് വട്ടപ്പലം. 11.30ന് ജൂബിലി സാസ്കാരിക ഘോഷയാത്ര, ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരം, ബൈബിള്‍ ടാബ്ലോ മത്സരം. വൈകുന്നേരം നാലിനു പ്രദക്ഷിണം. രാത്രി 8.45ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നല്‍കും. തുടര്‍ന്ന് സമ്മാനദാനം. ഒമ്പതിനു രാവിലെ 5.30നു വിശുദ്ധ കുര്‍ബാന - ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍. 11.15ന് മാതാവിന്റെ തിരുസ്വരൂപം കുരിശുപള്ളിയില്‍ പ്രതിഷ്ഠിക്കുന്നു.
ജൂബിലിത്തിരുനാള്‍ പ്രഭയില്‍ പാലാ
10:16 PM Dec 06, 2022 | Deepika.com