കണ്ണൂർ: പാഠ്യപദ്ധതി പരിഷ്കരണത്തിൽ സമാധാനപഠനം നിർബന്ധിത വിഷയമാക്കണമെന്ന് പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസ് ഭാരവാഹികൾ ആവശ്യപ്പെട്ടു. സമാധാന വിഷയം ഉൾപ്പെടുത്തി തയാറാക്കിയ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സർക്കാരിന് സമർപ്പിക്കും. ഇതിന്റെ ഭാഗമായി എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന് കണ്ണൂർ ചേംബർ ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്ക് നിർദേശങ്ങൾ കൈമാറുമെന്ന് ഭാരവാഹികളായ കാരയിൽ സുകുമാരനും റവ. ഡോ. സ്കറിയ കല്ലൂരും പത്രസമ്മേളനത്തിൽ അറിയിച്ചു.
പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസിന്റെ ആഭിമുഖ്യത്തിൽ "സമാധാന പ്രവർത്തനം ക്ലാസ് മുറിയിലേക്ക് ' എന്ന സന്ദേശം ഉൾകൊള്ളിച്ചു തയറാക്കിയ കരിക്കുലം കരട് നിർദേശങ്ങളാണ് ജില്ലാ പഞ്ചായത്തിന് കൈമാറുന്നത്. ചടങ്ങിൽ എസ്എസ്എ മുൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. വിജയൻ ചാലോട് മുഖ്യപ്രഭാഷണം നടത്തും. ഡോ. ഖലീൽ ചൊവ്വ മോഡറേറ്റർ ആയിരിക്കും.
പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസ് ഇതിനോടകം തിരുവനന്തപുരം, ആലുവ യുസി കോളജ്, കണ്ണൂർ എന്നിവിടങ്ങളിൽ മൂന്ന് ശില്പശാലകൾ നടത്തിയിരുന്നു. ശില്പശാലകളിൽ 150 ൽപ്പരം വിദഗ്ധർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തിരുന്നു. ഇവിടെ ഉരുത്തിരിഞ്ഞ കാര്യങ്ങളാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നിർദേശങ്ങളായി സർക്കാരിനു സമർപ്പിക്കുന്നത്. പത്രസമ്മേളനത്തിൽ ഹരിദാസ് മംഗലശേരി, ഷമീൽ ഇഞ്ചിക്കൽ, സതീഷ് കുമാർ എന്നിവരും പങ്കെടുത്തു.
പാഠ്യപദ്ധതിയിൽ സമാധാനപഠനം നിർബന്ധിത വിഷയമാക്കണം: പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസ്
12:56 AM Dec 06, 2022 | Deepika.com