കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ 2019-20, 20-21 വർഷങ്ങളിലെ സോഷ്യൽ മീഡിയ ആൻഡ് ഇ ഗവേണൻസ്, ഇന്നോവഷൻസ് ഇൻ കോവിഡ് പാൻഡെമിക് എന്നീ വിഭാഗങ്ങളിലെ അവാർഡ് മലബാർ കാൻസർ സെന്ററിന് ലഭിച്ചു.
സോഷ്യൽ മീഡിയയിലൂടെ പൊതുജനങ്ങൾക്കായി നല്ല ഭരണം കാഴ്ചവച്ചതും കോവിഡ് മഹാമാരിയിൽ നൂതന ആശയങ്ങളിലൂടെ പൊതു ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കിയതുമാണ് എംസിസി യെ അവാർഡിന് അർഹമാക്കിയത്. തിരുവനന്തപുരം ടാഗോർ ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പൊതു വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി, ജൂറി പ്രതിനിധി സെബാസ്റ്റ്യൻ പോൾ , ജയകുമാർ ഐഎഎസ് എന്നിവരുടെ സാന്നിധ്യത്തിലാണ് എംസിസിയിലെ ഡോക്ടർമാർ, അഡ്മിനിസ്ട്രേറ്റിവ് ഓഫീസർമാർ, നഴ്സുമാർ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങിയത്.
ഒപ്പം വാട്ട്സ്ആപ് കൂട്ടായ്മയിലൂടെ എംസിസി നടത്തിയ പ്രവർത്തനങ്ങളും അവാർഡിലേക്ക് നയിച്ചു. ‘ഒപ്പം: പ്രശ്ന പരിഹാര കൂട്ടായ്മ’ എന്നത് തലശേരി എംസിസിയിലെ രോഗീപരിചരണം, പരാതി പരിഹാരം എന്നിവയ്ക്ക് പിന്തുണയേകുന്നതിനുള്ള ഒരു വാട്സ്ആപ് കൂട്ടായ്മയാണ്. . കോവിഡ് പാൻഡെമിക് മാനേജ്മെന്റിൽ നൂതന ആശയങ്ങൾക്കുള്ള സ്പെഷൽ ജൂറി ഇ-ഗവേണൻസ് അവാർഡ് കോവിഡ് സമയത്തെ ഉചിതമായ ഇടപെടലുകൾക്കുള്ള അംഗീകാരമായാണ് എംസിസിയെ തേടി എത്തിയത്.
മലബാർ കാൻസർ സെന്ററിന് ഇ ഗവേണൻസ് അവാർഡുകൾ
12:56 AM Dec 06, 2022 | Deepika.com