ഗാന്ധിനഗർ: വൃക്കരോഗികൾക്കു ശസ്ത്രക്രിയ ഉപകരണങ്ങൾക്കായി മരുന്നുകടകളും ഉപകരണങ്ങൾ വിൽക്കുന്ന കടകളും തേടി ഇനി മുതൽ അലയണ്ട. ഉപകരണങ്ങൾ ഒരു പാക്കേജായി എമർജൻസി ശസ്ത്രക്രിയ തിയറ്ററിൽ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി.
വർഷങ്ങളായി വിവിധ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ ആനുകൂല്യം ഇവർക്കു ലഭിക്കുന്നുണ്ട്. ഇതിനായി ചികിത്സയിൽ കഴിയുന്ന രോഗികളുടെ ബന്ധുക്കൾക്ക് മരുന്നുകളും മറ്റനുബന്ധ പരിശോധനകളും സൗജന്യമായി ലഭിക്കുവാൻ ഇൻഷ്വറൻസ് കൗണ്ടറിൽനിന്ന് ഒരു പേപ്പർ നൽകും. മഞ്ഞനിറമുള്ള ഈ പേപ്പറുമായി വിവിധ കൗണ്ടറുകളിൽ കയറിയിറങ്ങിയ ശേഷമാണ് മരുന്നുകളും വിവിധ പരിശോധനകളും ഇവർക്ക് ലഭ്യമായിരുന്നത്.
ശസ്ത്രക്രിയ ആവശ്യമായി വരുമ്പോൾ നാലുദിവസം കൊണ്ടാണു രോഗികളുടെ ബന്ധുക്കൾ ഈ പേപ്പറുമായി നടന്ന് പല സ്ഥലങ്ങളിൽനിന്നായി ഉപകരണങ്ങളും മരുന്നും മറ്റും ശേഖരിച്ചു വന്നിരുന്നത്. രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ബുദ്ധിമുട്ട് മനസിലാക്കിയ ഓഫീസ് ജീവനക്കാർ ഇക്കാര്യം നിരവധിതവണ ആശുപത്രി അധികൃതരെ ധരിപ്പിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് കഴിഞ്ഞ മാസം ആർഎംഒ ആയി ചുമതയേറ്റ ഡോ. ലിജോ മാത്യു വൃക്ക രോഗികൾക്ക് ആശ്വാസകരമാകുന്ന തരത്തിൽ നടപടി സ്വീകരിക്കുകയായിരുന്നു.
ശസ്ത്രക്രീയ ആവശ്യമായി വരുന്ന വൃക്കരോഗിക്കൾക്ക് ആവശ്യമായ ഉപകരണങ്ങൾ ഒരു പാക്കേജ് ആയി ശസ്ത്രക്രിയ തിയറ്ററിൽത്തന്നെ ലഭ്യമാക്കുന്നതിനുള്ള നടപടിയാണ് അദ്ദേഹം സ്വീകരിച്ചത്.
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഏറെ ഉപകാരപ്രദമായ ഈ നടപടി സ്വീകരിച്ച ആർഎംഒ ഡോ. ലിജോ മാത്യുവിന്റെ നടപടി ഏറെ പ്രശംസനീയമാണെന്ന് ജീവനക്കാരും, രോഗികളും പറയുന്നു.
വൃക്ക മാറ്റിവയ്ക്കൽ രോഗികൾക്ക് ആശ്വാസം; ശസ്ത്രക്രിയാ ഉപകരണങ്ങൾ ഇനി തിയറ്ററിൽ റെഡി
12:45 AM Dec 06, 2022 | Deepika.com