കൊച്ചി: ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് പെരുമ്പാവൂര്‍ കുറുപ്പംപടി ബെത്ലേഹം അഭയ ഭവന്റെ നേതൃത്വത്തില്‍ ഹാന്‍ഡ് പിക്ക്ഡ് ടാലന്റ്സ് എന്ന പേരില്‍ കലാപരിപാടികള്‍ സംഘടിപ്പിച്ചു. എറണാകുളം സെന്റര്‍ സ്ക്വയര്‍ മാളിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ കഥാപ്രസംഗം, ഡാന്‍സ്, പാട്ട്, പെയിന്റിംഗ് എക്സിബിഷന് തുടങ്ങിയവ അവതരിപ്പിച്ചു.
അഭയ ഭവനിലെ ഷേര്‍ളി ജോണിന്റെ കഥാപ്രസംഗത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കംകുറിച്ചത്. തുടര്‍ന്ന് ലില്ലി, മാര്‍ഗരറ്റ്, ഷേര്‍ളി, നീലിമ, പ്രീജ, ഓമന, അനീഷ് കുമരകം എന്നിവരുടെ ഗാനാലാപനവും ലിന്റ, വിജി, ജനീഷ തുടങ്ങിയവരുടെ നൃത്തവുമുണ്ടായിരുന്നു.
അനീഷ് കുമരകത്തിന്റെ മലയാളം, തമിഴ് ഗാനങ്ങൾ കാണികയുടെ കൈയടി നേടി. തുടർന്ന് വിജിയും ലില്ലിയും ചേര്‍ന്ന് നൃത്തം അവതരിപ്പിച്ചു. തിരുവന്തപുരം സ്വദേശി സാബുവും ഭാര്യ റോഷ്ന മതിലകവും ചേര്‍ന്നൊരുക്കിയ പെയിന്റിംഗ് എക്സിബിഷൻ ഏവരുടെയും പ്രശംസ നേടി. സംഘത്തില്‍ 22 മുതല്‍ 65 വയസു വരെയുള്ള കലാകാരന്മാരും കലാകാരികളും ഉണ്ടായിരുന്നു.
ലോക ഭിന്നശേഷി ദിനാചരണം
12:16 AM Dec 06, 2022 | Deepika.com