കൊച്ചി: ചേരാനെല്ലൂര്‍ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി ഒരുക്കുന്ന ജലവിതരണ സംവിധാനത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി.
പദ്ധതിയുടെ ഭാഗമായി ചേരാനെല്ലൂര്‍ പഞ്ചായത്തിന്റെയും കൊച്ചി നഗരസഭയുടെയും അതിര്‍ത്തിയില്‍ നിര്‍മിക്കുന്ന വാട്ടര്‍ ടാങ്ക് നിര്‍മാണം നേരത്തെ പൂര്‍ത്തിയായിരുന്നു.
വാട്ടര്‍ ടാങ്കിലേക്ക് കൂടുതല്‍ ജലമെത്തിക്കാനുള്ള പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലികളും ടാങ്കിന്റെ ബല പരിശോധനയുമുള്പ്പടെയുള്ള പ്രവൃത്തികളും ഇതിനോടകം പൂര്‍ത്തിയായി.
15 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള വാട്ടര്‍ ടാങ്ക് ആണ് ജലവിതരണ സംവിധാനത്തിന്റെ ഭാഗമായി ഒരുക്കുന്നത്. 7.75 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചിട്ടുള്ളത്. ഉയരത്തിലുള്ള വാട്ടര്‍ ടാങ്കിന് പുറമെ രണ്ട് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഭൂതല വാട്ടര്‍ ടാങ്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ആലുവ തമ്മനം 1200 എംഎം പൈപ്പില്‍ നിന്നായിരിക്കും ടാങ്കിലേക്ക് ജലമെത്തിക്കുന്നത്. എറണാകുളം നഗരത്തിന്റെ സമീപ പ്രദേശങ്ങളിലെ ജലക്ഷാമത്തിന് ശാശ്വത പരിഹാരം കാണാന്‍ പദ്ധതി വഴി സാധ്യമാകുമെന്നാണ് പ്രതീക്ഷ.
ചേരാനെല്ലൂരിന്റെ "ദാഹം' ഉടന്‍ മാറും
12:16 AM Dec 06, 2022 | Deepika.com