മാനന്തവാടി: നാൽപ്പത്തിയൊന്നാമത് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും. മാനന്തവാടി കണിയാരം ഫാദർ ജി.കെ.എം ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് ജോസഫ്സ് ടിടിഐ, സാൻജോ പബ്ലിക്ക് സ്കൂൾ എന്നിവിടങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ നാലായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും.
ഒന്പത് വരെയാണ് കലോത്സവം. നാളെ വൈകുന്നേരം നാലിന് മാനന്തവാടി കണിയാരം ഫാദർ ജി.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ കലോത്സവം ഉദ്ഘാടനം ചെയ്യും. മാനന്തവാടി നഗരസഭ ചെയർപേഴ്സണ് സി.കെ. രത്നവല്ലി അധ്യക്ഷത വഹിക്കും. ചടങ്ങിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിദ്യാഭ്യാസ അധികൃതർ, രക്ഷകർതൃ വിദ്യാർഥി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.
മാനന്തവാടി, സുൽത്താൻ വൈത്തിരി, ബത്തേരി ഉപജില്ലകളിൽ നിന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയവരാണ് ജില്ലാ മേളയിൽ പങ്കെടുക്കുന്നത്. ഓഫ് സ്റ്റേജിനങ്ങൾ ഇന്ന് ജികഐം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഏഴ്, എട്ട്, ഒന്പത് തീയതികളിലാണ് സ്റ്റേജിനങ്ങൾ നടത്തുന്നത്. 14 വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുക. ജനറൽ കലോത്സവം, അറബി കലോത്സവം, സംസ്കൃത കലോത്സവം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി മുന്നൂറിലധികം ഇനങ്ങളിലാണ് മത്സരങ്ങൾ ഉണ്ടാകുക. പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാണ് മേളയുടെ നടത്തിപ്പ്. വേദികളിലും പരിസരങ്ങളിലും പോലീസ്, എക്സൈസ്, ആരോഗ്യ വകുപ്പ് എന്നിവരുടെ സേവനം മുഴുവൻ സമയങ്ങളിലും ലഭ്യമാകും. ഒന്പതിന് പകൽ മൂന്നിന് നടക്കുന്ന സമാപന സമ്മേളനം ജില്ല കളക്ടർ എ. ഗീത ഉദ്ഘാടനം ചെയ്യും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിക്കും.കലോത്സവത്തോടനുബന്ധിച്ച് മാനന്തവാടി ടൗണിൽ വിളംബര ജാഥ നടത്തി. താലൂക്ക് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച ജാഥ ഗാന്ധി പാർക്കിൽ സമാപിച്ചു. മൂന്നൂറിലധികം വിദ്യാർഥികളും സംഘാടക സമിതി അംഗങ്ങളും വിളംബര ജാഥയിൽ പങ്കെടുത്തു. സംസ്ഥാനമാകെ നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മെഗാ ബാനർ ക്യാന്പയിൻ ഇന്ന് വൈകുന്നേരം 3.30ന് കലോത്സവ നഗരിയിൽ നടക്കും.
ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തിരി തെളിയും
12:03 AM Dec 06, 2022 | Deepika.com