കോട്ടയം: എംപി ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും തോമസ് ചാഴികാടന് എംപി. കളക്ടറേറ്റ് വിപഞ്ചിക കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന എംപിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ചുള്ള പദ്ധതികളുടെ അവലോകന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഏഴു കോടി രൂപയാണ് മണ്ഡലത്തില്‍ എംപി ഫണ്ടില്‍നിന്ന് അനുവദിച്ചിട്ടുള്ളത്. ഇതില്‍ 4.05 കോടി രൂപ ചെലവഴിച്ചുണ്ട്. 58 ശതമാനമാണ് പദ്ധതി നടപ്പാക്കലില്‍ പുരോഗതിയുള്ളത്. 86 പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. ഇതില്‍ 31 പദ്ധതികള്‍ പൂര്‍ത്തിയായി. പട്ടിത്താനം-മണര്‍കാട് ബൈപാസില്‍ പട്ടിത്താനം ജംഗ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള പണം അനുവദിച്ചതായി എംപി പറഞ്ഞു. കാരിത്താസ് ആശുപത്രിക്കു സമീപത്തെ ബസ് ഷെല്‍ട്ടര്‍ 20നകം പൂര്‍ത്തീകരിക്കണം. ഉഴവൂര്‍ ബ്ലോക്കിലെ കണ്ണോത്ത്കുളം ക്ഷീരോത്പാദക സംഘത്തിന്റെ നിര്‍മാണം ഡിസംബറില്‍ ത്തന്നെ പൂര്‍ത്തിയാക്കണം. നീര്പ്പാറയില് ബധിരര്‍ക്കായുള്ള അസീസി മൗണ്ട് എച്ച്എസ്എസിനുള്ള നീന്തല്‍ക്കുളം നിര്‍മിക്കുന്നതിനുള്ള എഗ്രിമെന്റ് നടപടികള്‍ നടത്തി നിര്‍മാണം ഉടന്‍ ആരംഭിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു, ഫിനാന്‍സ് ഓഫീസര്‍ എസ്. ആര്. അനില്‍കുമാര്‍, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ബി.എല്‍. ബിന്ദു എന്നിവര്‍ പങ്കെടുത്തു.
എംപി ഫണ്ട് പദ്ധതികള്‍ നടപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണം: തോമസ് ചാഴികാടന്
11:59 PM Dec 05, 2022 | Deepika.com