കോട്ടയം: ജില്ലാ പഞ്ചായത്തിനെതിരേ ഉയര്‍ന്ന ആരോപണങ്ങളെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇന്നലെ നടത്തിയ പ്രസ്താവന അനുസരിച്ച് ഇപ്പോള്‍ ഓഡിറ്റ് ഒബ്ജക്ഷന് ഉണ്ടായിട്ടുള്ളത് കഴിഞ്ഞ ഭരണസമിതിയുടെ കാലത്തെ നടപടികളെ സംബന്ധിച്ചാണ്. ആ കാലത്ത് ജില്ലാ പഞ്ചായത്ത് ഭരിച്ചിരുന്നവര്‍ ഇതിന് ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്. ആരോപണങ്ങള്‍ ഉണ്ടായിട്ടുള്ള പല കേസുകളിലും ഗുരുതരമായ ഭരണവീഴ്ചയും, കര്‍ത്തവ്യ നിര്‍വഹണത്തിലുള്ള അലംഭാവവും പ്രകടമായി കാണാം. 2019 - 2020 സാമ്പത്തിക വര്‍ഷം കേരളത്തിലെ ജില്ലാ പഞ്ചായത്തുകളിലെ പദ്ധതി നിര്‍വഹണത്തില്‍ ജില്ലയ്ക്ക് പതിനാലാമതാണ് സ്ഥാനം. ഈ കാലഘട്ടത്തില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആയിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ഇത്രയേറെ ലാഘവത്തോടെ ഭരണം നടത്തിയവര്‍ക്കെതിരേ തക്കതായ നടപടി ഉണ്ടാകണമെന്നും ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.
വിജിലന്‍സ് അന്വേഷണം നടത്തണം: ഷോണ്‍ ജോര്‍ജ്
11:47 PM Dec 05, 2022 | Deepika.com