കടലിന്റെ മക്കളെ രക്ഷിക്കു, കാലിവല സമരവുമായി കേരള കോൺഗ്രസ്
10:48 PM Dec 05, 2022 | Deepika.com
മുട്ടാർ: വിഴിഞ്ഞം സമരത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ട് സമരം ഉടൻ അവസാനിപ്പിക്കണമെന്നു കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും യുഡിഎഫ് ജില്ലാ സെക്രട്ടറിയുമായ തോമസ്കുട്ടി മാത്യു ചീരംവേലിൽ ആവശ്യപ്പെട്ടു. 135 ദിവസമായി മത്സ്യത്തൊഴിലാളികൾ കടലിൽ പോകാതെയും അവരുടെ മക്കൾ സ്കൂളിൽ പോകാതെയും വിഴിഞ്ഞത്തു നടത്തുന്ന പട്ടിണി സമരത്തിനു പിന്തുണ നൽകി കേരള കോൺഗ്രസ് മുട്ടാർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കാലിവല സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. 2018 ൽ മഹാപ്രളയം ഉണ്ടായപ്പോൾ കുട്ടനാട്ടുക്കാർക്കു മാത്രമല്ല മലയാളികൾക്കു മുഴുവൻ രക്ഷകരായി മാറിയ ഈ സമൂഹത്തെ ഇപ്പോൾ രാജ്യദ്രോഹികളും വികസന വിരോധികളുമായി ചിത്രീകരിക്കുന്നത് ശരിയല്ല. അവരുടെ ജീവിത പ്രശ്നങ്ങൾക്ക് സർക്കാർ അടിയതരമായി പരിഹാരം കാണണമെന്നും പിതാവിനും വൈദികൾകർക്കുo എതിരേയുള്ള കേസുകൾ പിൻവലിക്കണമെന്നും തോമസ്കുട്ടി മാത്യം ആവശ്യപ്പെട്ടു. തോമസ് സി. ജോസഫ് ചിറയിൽപറമ്പിൽ അധ്യക്ഷത വഹിച്ചു. സ്റ്റീഫൻ സി. ജോസഫ് ചിറയിൽപറമ്പിൽ, മാത്യു വർഗീസ് മുണ്ടയ്ക്കൽ, ജോർജ് മാത്യു ശ്രാമ്പിക്കൽ, ജോർജ് തോമസ് മണലിൽ തുടങ്ങിയവർ പ്രസംഗിച്ചു.