എരുമേലി: ലോക ഭിന്നശേഷി സൗഹൃദദിനമായ ഇന്നലെ എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒരു പറ്റം വിദ്യാർഥികളെ കൂട്ടി അധ്യാപകർ തൊട്ടടുത്തുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനകേന്ദ്രമായ ജീവൻ ജ്യോതിയിലേക്ക് ചെന്നു, എന്നിട്ട് പറഞ്ഞു.. നോക്കൂ കള്ളവും കാപട്യവുമില്ലാത്ത ഇവരുടെ സ്നേഹം കാണൂ... അപരിചിതരെ പോലെ നോക്കിനിൽക്കുന്ന ആ കുട്ടികൾക്ക് അരികിൽ അവർ ചെന്ന് സൗഹൃദത്തോടെ അടുത്തുചേർന്ന് മധുരം നൽകി ഇടപെട്ട് തുടങ്ങിയതോടെ അധ്യാപകർ പറഞ്ഞ നിഷ്കളങ്ക സ്നേഹത്തിന്റെ അടുപ്പം അവർ കണ്ടു. ചിലർക്ക് തൊട്ടടുത്തിരിക്കണം, മറ്റു ചിലർക്ക് പാട്ടു പാടണം, തങ്ങൾ വരച്ച ചിത്രങ്ങൾ കാട്ടണം... അങ്ങനെ ജീവൻ ജ്യോതി സ്പെഷൽ സ്കൂളിലെ കുട്ടികൾ തങ്ങളുടെ വിശേഷങ്ങളൊക്കെ പങ്കിട്ടപ്പോൾ സ്നേഹത്തിന്റെ ലോകം വലുതാവുകയായിരുന്നു.
അറിവിൽ മുന്നേറുന്നത് വെല്ലുവിളി നേരിട്ടാണെങ്കിൽ അത് എത്രമാത്രം മൂല്യമുള്ളതാണെന്ന തിരിച്ചറിവാണ് തങ്ങൾക്ക് ലഭിച്ചതെന്ന് സെന്റ് തോമസ് സ്കൂളിലെ വിദ്യാർഥികൾ പറഞ്ഞു. ഒടുവിൽ അവർ മടങ്ങുമ്പോൾ നിറകണ്ണുകളോടെ നിന്ന അവരെ ചേർത്തുനിർത്തി വിദ്യാർഥികൾ യാത്ര പറഞ്ഞത് ഒപ്പമുണ്ട് ഞങ്ങൾ എന്ന മനസോടെയായിരുന്നു.
ജീവൻ ജ്യോതി പ്രിൻസിപ്പൽ സിസ്റ്റർ മെർലിൻ എഫ്സിസി സ്വാഗതം ആശംസിച്ചു. ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുൻനിരയിലെത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സെന്റ് തോമസ് സ്കൂൾ ഹെഡ്മിസ്ട്രസ് മേഴ്സി ജോൺ പ്രഭാഷണം നടത്തി.
അധ്യാപകരായ റെജി ഏബ്രഹാം, റാണി തൂങ്കുഴി, ബീനാ സി.റ്റി, ബിൻസി ജോസഫ്, ജോബി ജോസഫ്, സോബിൻ ആന്റണി എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി. കുട്ടികളുടെ വർണാഭമായ വിവിധ കലാപരിപാടികളും അരങ്ങേറി.
ജീവൻജ്യോതിയിൽ അവരെത്തി; നിഷ്കളങ്ക സ്നേഹത്തിന്റെ മഹത്വം കണ്ടറിഞ്ഞു
10:26 PM Dec 05, 2022 | Deepika.com