പാലാ: അക്ഷരങ്ങള്‍ പകര്‍ന്നു നല്കുന്ന അറിവ് മാത്രമല്ല വിദ്യാഭ്യാസമെന്നും ഹൃദയത്തില്‍ നന്മയുടെ വറ്റാത്ത പ്രവാഹത്തിനുള്ള വഴി കൂടിയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ചാവറ പബ്ലിക് സ്കൂള്‍ രജത ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റുള്ളവരുടെ വേദന അറിയാനും ഒപ്പം നില്‍ക്കാനും അവരെ സഹായിക്കാനും വിദ്യാഭ്യാസത്തിലൂടെ കഴിയണം.
അധ്വാനിക്കുന്ന കര്‍ഷകരുടെ നാടായ പാലാ ഇപ്പോള്‍ വിദ്യാഭ്യാസത്തിന്റെ പ്രധാന കേന്ദ്രം കൂടിയാണ്. സിഎംഐ സന്യാസസഭയും വിശുദ്ധ ചാവറയച്ചനും കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിനു നല്കിയ സംഭാവനകള്‍ നിസ്തുലമാണ്. വ്യക്തിപരമായ നേട്ടത്തിനപ്പുറം സമൂഹത്തിന്റെ നന്മ കൂടി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാകണമെന്നും നമ്മുടെ ഉയര്ച്ചകളില് അഹങ്കാരപ്പെടാതെ ലാളിത്യവും വിനയവും കൈവരിച്ച് സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കണമെന്നും ഇക്കാര്യത്തില്‍ അധ്യാപകരുടെ പങ്ക് വലുതാണെന്നും ഗവർണർ പറഞ്ഞു.
മാണി സി. കാപ്പന് എംഎല്‍എ അധ്യക്ഷത വഹിച്ചു. സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കു സംസ്ഥാന സ്കൂള്‍ കലോത്സവം, കായികമേള തുടങ്ങിയവയില്‍ പങ്കാളിത്തം നല്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രിന്‍സിപ്പല്‍ ഫാ. സാബു കൂടപ്പാട്ട്, മാനേജര്‍ ഫാ. ജോസുകുട്ടി പടിഞ്ഞാറെപ്പീടിക, സ്ഥാപക പ്രിന്‍സിപ്പല്‍ ഫാ. സെബാസ്റ്റ്യന്‍ ഇലഞ്ഞിക്കല്‍, മുന്‍ പ്രിന്‍സിപ്പല്‍ ഫാ. മാത്യു കരീത്തറ, പിടിഎ വൈസ് പ്രസിഡന്റ് ഡോ. ഷീന സ്കറിയ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്കൂളിന്റെ ഉപഹാരം പ്രിന്‍സിപ്പല്‍ ഫാ. സാബു കൂടപ്പാട്ട് ഗവര്‍ണര്‍ക്കു സമ്മാനിച്ചു.
മനസുകള്‍ കീഴടക്കി
ഗവര്‍ണര്‍
പാലാ: വിനയവും ലാളിത്യവും കൈമുതലാക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിദ്യാര്‍ഥികളുടെ മാത്രമല്ല മുതിര്‍ന്നവരുടെയും മനസ് കീഴടക്കി. അദ്ദേഹത്തിന്റെ ഓരോ വാക്കും ആവേശം വിതറുന്നതായിരുന്നു. ചാവറ സ്കൂളിന്റെ രജത ജൂബിലി ഉദ്ഘാടന വേദിയിലേക്കു ശാസ്ത്രീയനൃത്തത്തിന്റെ അകമ്പടിയോടെയാണു ഗവര്‍ണറെ സ്വീകരിച്ചാനയിച്ചത്. നൃത്തപരിപാടിയില്‍ പങ്കെടുത്ത പെണ്‍കുട്ടികളെയും ഗവര്‍ണര്‍ അഭിനന്ദിക്കുകയും ഒപ്പംനിന്നു ഫോട്ടോയെടുക്കുകയും ചെയ്തു.
സമ്മേളന വേദിയില്‍ ക്യാ ഹുവാ തേരാ വാദാ എന്ന ഹിന്ദിഗാനം പാടിയ എട്ടാം ക്ലാസ് വിദ്യാര്‍ഥി സഞ്ജയ് വി. ഐസനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അരികിലേക്ക് വിളിച്ചുവരുത്തി ചേര്‍ത്തുപിടിച്ച് അഭിനന്ദിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു. ഉയര്ച്ചകളില് അഹങ്കരിക്കാതെ എളിമയോടെ പരിശ്രമിക്കണമെന്ന് അദ്ദേഹം സജ്ഞയെ ഉപദേശിച്ചു. ഇംഗ്ലീഷില്‍ എഴുതി തയാറാക്കിയ പ്രസംഗത്തിനിടെ മലയാളത്തില്‍ എല്ലാവര്ക്കും ക്രിസ്മസ്-പുതുവത്സര ആശംസകള്‍ നേരാനും ഗവര്‍ണര്‍ മറന്നില്ല.
വിദ്യാഭ്യാസത്തിലൂടെ നന്മ പ്രവഹിക്കണം: ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ
10:19 PM Dec 05, 2022 | Deepika.com