വലിയപറമ്പ്: നിര്‍മാണം പൂര്‍ത്തിയാക്കി നാട്ടുകാര്‍ക്കായി തുറന്നു കൊടുത്ത ബസ് കാത്തിരിപ്പുകേന്ദ്രം ദിവസങ്ങള്‍ക്കകം തകര്‍ത്തു. ഇടയിലെക്കാട് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സാംസ്കാരിക കൂട്ടായ്മ നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രമാണ് ഇന്നലെ പുലര്‍ച്ചെ അജ്ഞാതര്‍ തകര്‍ത്തത്. ഇരുമ്പ് പൈപ്പുകളും ഷീറ്റുകളും കൊണ്ട് നിര്‍മിച്ച കാത്തിരിപ്പു കേന്ദ്രത്തിന്റെ മേല്‍ക്കൂര മുഴുവനായി തകര്‍ത്തെറിഞ്ഞ നിലയിലാണ്.
ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ കാത്തിരിക്കുന്ന ഇടയിലക്കാട് നാഗം ജംഗ്ഷനില്‍ ഒരാഴ്ച മുമ്പാണ് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പ്രിയദര്‍ശിനി സാംസ്കാരിക കേന്ദ്രം പ്രവര്‍ത്തകര്‍ അരലക്ഷത്തോളം രൂപ ചെലവില്‍ നിര്‍മിച്ച ബസ് കാത്തിരിപ്പു കേന്ദ്രം തുറന്നു കൊടുത്തത്. ഇടയിലെക്കാട്ടില്‍ നാട്ടുകാര്‍ക്ക് വെയിലും മഴയും കൊള്ളാതെ ബസ് കാത്തിരിക്കാനുള്ള സൗകര്യം ഉണ്ടായതിന്റെ ആഹ്ലാദം തീരുംമുമ്പേ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തെറിയുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രണ്ടു ബസ് കാത്തിരിപ്പു കേന്ദ്രങ്ങളാണ് കഴിഞ്ഞ ആഴ്ച വലിയപറമ്പ് പഞ്ചായത്തിലെ ഇടയിലെക്കാട്ടില്‍ നിര്‍മിച്ച് നാട്ടുകാര്‍ക്കായി തുറന്നുകൊടുത്തത്. ബസ് കാത്തിരിപ്പ് കേന്ദ്രം പണിയുന്നതിന് നേരത്തേ പ്രിയദര്‍ശിനി സാംസ്കാരിക കേന്ദ്രം ഭാരവാഹികള്‍ നല്കിയ അപേക്ഷ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് അധികൃതര്‍ നിരസിക്കുകയായിരുന്നു.
പിന്നീട് നാഗം ജംഗ്ഷനില്‍ സ്ഥാപിച്ച ബസ് സ്റ്റോപ്പ് നിര്‍മാണത്തിനിടയില്‍ അനുമതി ഇല്ലെന്ന് കാണിച്ച് പഞ്ചായത്ത് അധികൃതര്‍ സ്ഥലമുടമ ബാലകൃഷ്ണന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവരാവകാശ നിയമ പ്രകാരം നല്കിയ അപേക്ഷയില്‍ പഞ്ചായത്തില്‍ നിര്‍മിച്ച മുഴുവന്‍ കാത്തിരിപ്പു കേന്ദ്രങ്ങള്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ഗോപാല ക്ഷേത്രത്തിന് സമീപവും നാഗം ജംഗ്ഷനിലും കാത്തിരിപ്പ് കേന്ദ്രം നിര്‍മാണം പൂര്‍ത്തീകരിച്ചത്. ചന്തേര പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രദേശത്ത് പോലീസ് കാവലേര്‍പെടുത്തി.
ബസ് കാത്തിരിപ്പുകേന്ദ്രം തകര്‍ത്തു
01:04 AM Dec 05, 2022 | Deepika.com