കണ്ണൂർ: സ്കൂൾ ഉച്ചഭക്ഷണ - പോഷകാഹാര വിതരണത്തിനുള്ള തുക വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ (കെപിപിഎച്ച്എ) നേതൃത്വത്തിൽ മുഖ്യാധ്യാപകർ നിരാഹാര സമരത്തിലേക്ക്. ഉച്ചഭക്ഷണ പദ്ധതിക്കായി 2016 ൽ അനുവദിച്ച നിരക്കിലാണ് ഇപ്പോഴും തുക അനുവദിക്കുന്നത്. അവശ്യസാധനങ്ങളുടെ വില ഇരട്ടിയിലേറെയായി. മുട്ട, പാൽ വിതരണത്തിന് ഇതേവരെ പ്രത്യേകം തുക അനുവദിച്ചിട്ടുമില്ല. പാലിന്റെ വില വീണ്ടും ആറ് രൂപ വർധിപ്പിക്കുകയും ചെയ്തു. കേന്ദ്ര ഗവൺമെന്റ് ആനുപാതികമായി തുക വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാന ഗവൺമെന്റ് ഒരുരൂപ പോലും വർധിപ്പിച്ചിട്ടില്ല. അധ്യാപകരും ഉച്ചഭക്ഷണ സമിതികളും കടക്കെണിയിലാണ്.
ഓണത്തിനുശേഷം തുക വർധിപ്പിക്കുമെന്ന് നിയമസഭയ്ക്കും സംഘടനകൾക്കും വിദ്യാഭ്യാസവകുപ്പു മന്ത്രി നൽകിയ വാക്കുപാലിക്കാൻ ഇതേവരെ തയാറാകാത്തതിനാൽ, പ്രതിഷേധ പരിപാടികളുടെ സൂചനയായി നാളെ സെക്രട്ടേറിയറ്റിനു മുന്നിൽ ഏകദിന നിരാഹാര സമരം നടത്തുമെന്ന് കെപിപിഎച്ച്എ സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ, പ്രസിഡന്റ് പി. കൃഷ്ണപ്രസാദ്, അസി. സെക്രട്ടറി കെ. ശ്രീധരൻ, സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായ കെ.പി. വേണുഗോപാലൻ, ജസ്റ്റിൻ ജയകുമാർ എന്നിവർ അറിയിച്ചു. നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ സംസ്ഥാന വ്യാപകമായി സ്കൂളുകളിൽ മുഖ്യാധ്യാപകർ കറുത്ത ബാഡ്ജ് ധരിച്ച് ഹാജരാകുന്നതുൾപ്പെടെയുള്ള വിവിധ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.
മുഖ്യാധ്യാപകർ നിരാഹാര സമരത്തിലേക്ക്
01:00 AM Dec 05, 2022 | Deepika.com