കണ്ണൂർ: വിഴിഞ്ഞത്ത് മൂന്നര മാസമായി സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളോടുള്ള ദുർവാശി വെടിഞ്ഞ് അവരുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല. വിഴിഞ്ഞം തുറമുഖ നിർമാണത്തിൽ ഉണ്ടായിട്ടുള്ള തീരശോഷണത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മനുഷ്യാവകാശം സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെഎൽസിഎ സുവർണ ജുബിലി ആഘോഷങ്ങ ളുടെ ഭാഗമായി കണ്ണൂർ രൂപതയുടെ ആഭിമുഖ്യത്തിൽ നടന്ന സുവർണ ജൂബിലി സംഗമവും സമുദായ ദിനാഘോഷത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗി ക്കുകയായിരുന്നു കണ്ണൂർ ബിഷപ്.
സമരമുഖത്തുള്ള മത്സ്യത്തൊഴിലാളികളെ സർക്കാർ അടച്ച് ആക്ഷേപിക്കാതെ വിഴിഞ്ഞം തുറമുഖത്ത് തീരശോഷണം അടക്കമുള്ള വിഷയങ്ങളിൽ സുതാര്യവും ശാസ്ത്രീയമായ പഠനങ്ങൾ നടത്തണം. പ്രളയകാലത്ത് കേരളത്തിന്റെ സൈന്യം എന്നു വിളിച്ച മത്സ്യത്തൊഴിലാളികളെ ഇപ്പോൾ രാജ്യദ്രോഹികൾ എന്ന് വിളിയ്ക്കുന്നത് ദുഃഖകരമാണെന്നും ഡോ. അലക്സ് വടക്കുംതല പറഞ്ഞു. സിസ്റ്റർ മരിയ സെലിൻ നഗർ എന്ന് നാമകരണം ചെയ്ത ബർണശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ അങ്കണത്തിൽ കണ്ണൂർ ബിഷപ്പിന്റെ മുഖ്യകർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചു. തുടർന്നു തയ്യിൽ സെന്റ് ആന്റണീസ് ദേവാലയത്തിൽ നിന്നും വാഹനജാഥയായി കൊണ്ടുവന്ന പതാക രൂപത പ്രസിഡന്റ് രതീഷ് ആന്റണി ഉയർത്തിയതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്നായിരുന്നു പൊതുസമ്മേളനം.
കണ്ണൂർ മേയർ ടി.ഒ. മോഹനൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ മുഖ്യതിഥികളായിരുന്നു. സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ സമുദായദിന സന്ദേശം നൽകി. കെആർഎൽസിസി അസോസി യേറ്റ് ജനറൽ സെക്രട്ടറി റവ. ഡോ. ജിജു അറയ്ക്കത്തറ സമുദായ ഉന്നതിയും വിദ്യഭ്യാസവും ,സംസ്ഥാന ജനറൽ സെക്രട്ടറി ഷെറി ജെ തോമസ് സംവരണവും സുപ്രീം കോടതി വിധിയും എന്നീ വിഷയങ്ങളിൽ സംസാരിച്ചു. കണ്ണൂർ രൂപത വികാരി ജനറൽ മോൺ. ഡോ. ക്ലാരൻസ് പാലിയത്ത് അധ്യാപകരെ ആദരിച്ചു. ഫാ. മാർട്ടിൻ രായപ്പൻ, ഗോഡ്സൺ ഡിക്രൂസ്, ക്രിസ്റ്റഫർ കല്ലറക്കൽ, റവ. ഡോ. ജോയി പൈനാടത്ത്, സിസ്റ്റർ വീണ പാണങ്കാട്ട്, ഷെർളി സ്റ്റാൻലി, സബിൻ കളത്തിൽ, ജോൺ ബാബു, കെ.എച്ച്. ജോൺ, ഷിബു ഫെർണാണ്ടസ്, റിനേഷ് ആന്റണി, ശ്രീജൻ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
വിഴിഞ്ഞം: മത്സ്യത്തൊഴിലാളികളുടെ മനുഷ്യാവകാശം സംരക്ഷിക്കണം- ബിഷപ് ഡോ. അലക്സ് വടക്കുംതല
01:00 AM Dec 05, 2022 | Deepika.com