പുല്‍പ്പള്ളി: വിളവെടുപ്പ് ആരംഭിക്കാനിരിക്കെ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ കുരുമുളകുതോട്ടങ്ങളില്‍ മഞ്ഞളിപ്പ് രോഗം വ്യാപകം. വരള്‍ച്ചയും കീടബാധയും മൂലം രണ്ടു പഞ്ചായത്തുകളുടെയും വിവിധ ഭാഗങ്ങളില്‍ കുരുമുളക് കൃഷി പുര്‍ണമായും നശിച്ചിരുന്നു. ഇവിടങ്ങളില്‍ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും നട്ടുവളര്‍ത്തിയ കുരുമുളക് ചെടികളെയാണ് മഞ്ഞളിപ്പുരോഗം കീഴ്പ്പെടുത്തുന്നത്. ഇത് ധനകാര്യ സ്ഥാപനങ്ങളില്‍നിന്നു വായ്പയെടുത്ത് കൃഷിയില്‍ മുടക്കിയവരെ നിരാശയിലാക്കി.
രോഗബാധയുള്ള കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച കൃഷി ഉദ്യോഗസ്ഥര്‍ മണ്ണുപരിശോധനയ്ക്കുശേഷം നിര്‍ദേശിച്ചതനുസരിച്ച് കര്‍ഷകര്‍ മരുന്നുകള്‍ കുരുമുളകുചെടികളുടെ ചുവട്ടിലും തണ്ടിലും പ്രയോഗിച്ചിട്ടും രോഗത്തിനു ശമനമില്ല. കുരുമുളകുതിരികള്‍ മൂപ്പെത്തും മുന്‍പ് പറിച്ചു ഒഴിവാക്കേണ്ട അവസ്ഥയാണ്. ആദായമെടുക്കാന്‍ പ്രായമായ ചെടികളും വന്‍തോതില്‍ നശിക്കുന്നുണ്ട്. രോഗപ്രതിരോധത്തിനും നിവാരണത്തിനും മരുന്നു കണ്ടെത്താനായില്ലെങ്കില്‍ മേഖലയില്‍ കുരുമുളക് കൃഷി വീണ്ടും നാമാവശേഷമാകുമെന്നു കൃഷിക്കാര്‍ പറയുന്നു.
പുല്‍പ്പള്ളിയില്‍ കുരുമുളകു തോട്ടങ്ങളില്‍ മഞ്ഞളിപ്പ് രോഗം വ്യാപകം
12:46 AM Dec 05, 2022 | Deepika.com