കൊച്ചി: നഗരത്തില്‍ യുവതിയെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി മൊബൈല്‍ ഫോണ്‍ രേഖകളും സിസി ടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സംഭവം നടന്ന ആസാദ് റോഡിലാണ് പ്രതിയുടെ ഒടുവിലത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍. പ്രതി എത്തിച്ചേരാനിടയുള്ള പ്രദേശങ്ങളിലെല്ലാം പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇയാള്‍ കേരളം വിട്ടിരിക്കാമെന്ന സാധ്യത കണക്കിലെടുത്ത് അന്വേഷണവും വിപുലമാക്കി.
ശനിയാഴ്ച രാവിലെ 11ഓടെ കലൂര്‍ ആസാദ് റോഡിലായിരുന്നു സംഭവം. ഉത്തരാഖണ്ഡ് സ്വദേശിനിയും കലൂരിലെ സ്പായിയിലെ ബ്യൂട്ടീഷ്യനുമായിരുന്ന സന്ധ്യയ്ക്ക്(25) ആണ് വെട്ടേറ്റത്. തൃപ്പൂണിത്തുറയിലെ സ്പായിലെ ജീവനക്കാരനും ഉത്തരാണ്ഡ് കിച്ചാ പ്രേംനഗര്‍ സ്വദേശിയുമായ ഫാറൂഖ് അലിയാണ് സന്ധ്യയെ ആക്രമിച്ചത്. ആക്രമണത്തില്‍ സന്ധ്യയുടെ ഇടതുകൈയ്ക്കും മുതുകിനും ആഴത്തില്‍ പരിക്കേറ്റിരുന്നു. ആദ്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സന്ധ്യയെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കൊല്ലത്തെ ഒരു സ്ഥാപനത്തില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇരുവരും സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇവരുടെ സുഹൃദ് ബന്ധത്തില്‍ വിള്ളലുണ്ടായതോടെ സന്ധ്യ കൊച്ചിയിലേക്ക് പോരുകയും മറ്റൊരു സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. പിന്നാലെ ഫാറൂഖും തൃപ്പൂണിത്തുറയിലെ ഒരു സ്ഥാപനത്തില്‍ ജോലി തരപ്പെടുത്തി കൊച്ചിക്കെത്തി. ബന്ധം വഷളായതിന്റെ ദേഷ്യത്തിലായിരുന്നു ഇയാളെന്നാണ് പോലീസ് പറയുന്നത്. കൊച്ചിയിലെത്തിയ ശേഷം ഫാറൂഖ് സന്ധ്യയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് കഴിഞ്ഞ ദിവസം ആക്രമിച്ചത്. ബൈക്കിലെത്തിയ ശേഷം കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഒപ്പം ഉണ്ടായി യുവതി ബഹളം വെച്ചതോടെ ഇയാള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. വാഹനം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഫാറൂഖ് വാങ്ങിയതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രതി ഒളിവില്‍തന്നെ; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
12:35 AM Dec 05, 2022 | Deepika.com