തൃപ്പൂണിത്തുറ: തെരുവുനായ്ക്കൂട്ടത്തെ കണ്ട് ഭയന്നോടിയ പോലീസ് നായ കൂട്ടറിടിച്ച് ചത്തു. എറണാകുളം സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള തൃപ്പൂണിത്തുറ ഹിൽപാലസ് ഡോഗ് സ്ക്വാഡിലെ ഒലിവർ എന്ന നായയാണ് സ്വകാര്യ മൃഗാശുപത്രിയിൽ ചത്തത്. നായയെ അലക്ഷ്യമായി കൈകാര്യം ചെയ്തിന് ബന്ധപ്പെട്ടവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച രാത്രി ഒൻപതോടെ നായയെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തൊട്ടടുത്തുള്ള ക്ഷേത്രപറമ്പിലേക്ക് കൊണ്ടുവരുന്നതിനിടെ അവിടെയുണ്ടായിരുന്ന തെരുവുനായ്ക്കൂട്ടം കൂട്ടമായി കുരച്ചുചാടിയതിനെത്തുടർന്ന് ഭയപ്പെട്ട് ഓടിയ പോലീസ് നായയെ സീപോർട്ട് എയർപോർട്ട് റോഡിൽവച്ച് സ്ക്കൂട്ടർ ഇടിക്കുകയായിരുന്നു. ഉടൻ എരൂരിലെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജില്ലാ മൃഗാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം നായയെ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
തൃപ്പൂണിത്തുറ ഡിഎച്ച്ക്യു കമാൻഡൻഡ് കെ. സുരേഷ്, സ്റ്റേറ്റ് ലെവൽ കെ ണയൻ ചാർജ് ഓഫീസർ എസ്. സുരേഷ്, പോലീസ് വെറ്റിനറി സർജൻ ബി.എസ്. സുമൻ എന്നിവർ ചടങ്ങിനു നേതൃത്വം നൽകി.
ബെൽജിയം മെലനോയിസ് ഇനത്തിൽപ്പെട്ട ഒരു വയസുള്ള ഒലിവർ തൃശൂർ പോലീസ് അക്കാദമിയിലെ പരിശീലനം പൂർത്തിയാക്കി ഒരു മാസം മുൻപാണ് പോലീസ് സേനയിൽ ചേർന്നത്.
പോലീസ് നായ സ്കൂട്ടറിടിച്ച് ചത്തു; വകുപ്പുതല അന്വേഷണം
12:35 AM Dec 05, 2022 | Deepika.com