കടുത്തുരുത്തി: പിറവം മുനിസിപ്പാലിറ്റിയെയും മുളക്കുളം പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മുളക്കുളം മൂന്നാം വാര്‍ഡില്‍പ്പെട്ട പള്ളിക്കുന്ന് - പാഴ്നിലം - കല്ലുമട റോഡിലെ കുമ്മത പാലത്തിന്റെ നിര്‍മാണം ആരംഭിക്കാന്‍ വൈകുന്നു. പാലത്തിന്റെ നിര്‍മാണോദ്ഘാടനം രണ്ടുമാസം മുമ്പ് നടന്നതല്ലാതെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. പാലം നിര്‍മാണത്തിന്റെ ഭാഗമായി ഇവിടെ സ്ഥാപിച്ചിരുന്ന ബണ്ട് തകര്‍ന്ന് കഴിഞ്ഞ ദിവസം കൃഷിയിടത്തിലേക്ക് വെള്ളം കയറിയിരുന്നു. ഇതുമൂലം കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.
പതിറ്റാണ്ടുകളായുള്ള ജനകീയ ആവശ്യമാണ് കുമ്മത പാലം നിര്‍മാണമെന്നത്. പാലം നിര്‍മിക്കാന്‍ എംഎല്‍എ ഫണ്ടില്‍നിന്ന് മോന്‍സ് ജോസഫ് 80 ലക്ഷം രൂപ അനുവദിച്ചിരുന്നു. കോട്ടയം - എറണാകുളം ജില്ലകളുടെ അതിര്‍ത്തി ഭാഗത്ത് സ്ഥിതി ചെയ്യുന്ന കുമ്മത തോടിന് കുറുകെയാണ് പുതിയ പാലം നിര്‍മിക്കുന്നത്. മണ്ണൂക്കുന്ന് പള്ളിഭാഗത്തുനിന്നും അവര്മയില്നിന്നും കടന്നുവരുന്ന റോഡുകള്‍ താന്നിമറ്റം വഴി എത്തുമ്പോള്‍ കുമ്മത ഭാഗത്ത് പാലം ഇല്ലാത്തതുമൂലം കഷ്ടപ്പെടുന്ന സ്ഥിതിയാണ്. മറുകരില് പാലച്ചുവട് ഭാഗത്തേക്ക് പോകാനുള്ള റോഡ് മാര്‍ഗവും ഇല്ലാത്ത അവസ്ഥയാണ്.
പിറവം, കടുത്തുരുത്തി മണ്ഡലങ്ങൾക്ക് ഗുണകരം
പിറവം, കടുത്തുരുത്തി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന വികസന പദ്ധതിയെന്ന നിലയില്‍ രണ്ട് എംഎല്‍എമാരും പ്രത്യേക താത്പര്യമെടുത്താണ് സംയുക്ത പദ്ധതിക്ക് രൂപം നല്‍കിയത്. ഇതനുസരിച്ചു പിറവം മണ്ഡലത്തില്‍ വരുന്ന ഭാഗത്ത് പുതുതായി റോഡ് നിര്‍മിച്ചു കുമ്മതയിലേക്ക് എത്തിക്കാന്‍ അനൂപ് ജേക്കബ് എംഎല്‍എ ആവശ്യമായ ഫണ്ട് അനുവദിച്ചിരുന്നു. റോഡ് യാഥാര്‍ഥ്യമാകുമ്പോള്‍ ഇരുകരകളെയും കൂട്ടി യോജിപ്പിക്കാന്‍ കുമ്മത പാലം നിര്‍മിക്കുകയെന്നതാണ് ഏക മാര്‍ഗം. കാലങ്ങലായി ഇക്കാര്യം നടക്കാത്തതിനാല്‍ ഈ പ്രദേശത്തുള്ള നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് വലിയ യാത്രാക്ലേശം അനുഭവിക്കേണ്ട സ്ഥിതിയായിരുന്നു. ഈ ദുരവസ്ഥക്കു ശാശ്വത പരിഹാരം കണ്ടെത്തുന്നതിനാണ് കുമ്മതയില് പാലം നിര്‍മിക്കാന്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് പ്രോജക്ട് സമര്‍പ്പിച്ചിരുന്നത്.
തുക കൂടുതലായതിനാല്‍ സാങ്കേതിക തടസങ്ങളുന്നയിച്ച് ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് പദ്ധതി ഉപേക്ഷിച്ചു. തുടര്‍ന്നാണ് ജനകീയ ആവശ്യം കണക്കിലെടുത്ത് എംഎല്‍എ ഫണ്ടില്‍നിന്ന് 80 ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചത്. പാലത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു.
മേജര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് കടുത്തുരുത്തി സബ് ഡിവിഷനെയാണ് നിര്‍മാണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. പാലം നിര്‍മാണം തുടങ്ങാന്‍ നടപടി സ്വീകരിക്കണമെന്ന് ബിജെപി മുളക്കുളം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
കുമ്മത പാലത്തിന്റെ നിര്‍മാണം ആരംഭിക്കാന്‍ വൈകുന്നു
11:39 PM Dec 04, 2022 | Deepika.com