നെടുംകുന്നം: മഴ പെയ്താല്‍ നെടുംകുന്നം-മാന്തുരുത്തി റോഡിലെ പല ഭാഗങ്ങളും ചെളിക്കുഴികളാകും. ഓടയില്ലാത്തതിനാല്‍ വെള്ളം ഒഴുകാതെ റോഡില്‍ കെട്ടിക്കിടക്കുന്നതും തോട്ടങ്ങളില്‍നിന്നു മണ്ണും ചെളിയും ഒഴുകി റോഡിലേക്കിറങ്ങുന്നതുമാണ് പ്രശ്നം.
മൂലേക്കുന്ന് ഭാഗത്ത് റോഡ് 30 അടിയോളം പലഭാഗത്തായി പൊട്ടിപ്പൊളിഞ്ഞ് മണ്ണും ചെളിയും കുഴഞ്ഞു കിടക്കുകയാണ്. ശക്തമായി മഴ പെയ്താല്‍ മണിക്കൂറുകളോളം റോഡില്‍ ചെളിവെള്ളം ഒഴുകാതെ കെട്ടിക്കിടക്കും. ഇതിലെ കാല്‍നടയാത്ര പോലും ബുദ്ധിമുട്ടാണ്. റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കുഴികള്‍ കാണാന്‍ കഴിയില്ല. ഇരുചക്രവാഹനങ്ങളടക്കം കുഴിയില്‍ തെന്നി മറിയുന്നതും പതിവാണ്. മലിനജലം ഒഴുകാന്‍ സ്ഥലമില്ലാത്തതിനാലാണ് റോഡില്‍ വെള്ളക്കെട്ട് രൂക്ഷമാകുന്നത്. പതിവായി വെള്ളം കെട്ടിക്കിടക്കുന്ന ഭാഗങ്ങളില്‍ ടാറിംഗ് ഇളകി പോകുന്നതും പതിവാണ്. ഇത് സംബന്ധിച്ച പലവട്ടം പൊതുമരാമത്തുവകുപ്പിന് പ്രദേശവാസികള്‍ പരാതി നല്‍കിയെങ്കിലും പരിഹാരം കാണാന്‍ ഇതുവരെ നടപടിയുണ്ടായില്ല.
നെടുംകുന്നം-മാന്തുരുത്തി റോഡില്‍ കുഴികളും വെള്ളക്കെട്ടും
11:39 PM Dec 04, 2022 | Deepika.com