പാലാ: പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ നടക്കുന്ന എംജി യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റില്‍ വനിതാ വിഭാഗത്തില്‍ പാലാ അല്‍ഫോന്‍സാ കോളജും പുരുഷ വിഭാഗത്തില്‍ കോതമംഗലം എംഎ കോളജും മുന്നേറ്റം തുടങ്ങി. രണ്ടാം ദിനം മീറ്റ് അവസാനിക്കുമ്പോള്‍ വനിതാ വിഭാഗത്തില്‍ അല്‍ഫോന്‍സാ കോളജ് 72 പോയിന്റുമായി മുന്നിട്ടുനില്‍ക്കുന്നു. 69 പോയിന്റുമായി കോതമംഗലം എംഎ കോളജാണ് രണ്ടാം സ്ഥാനത്ത്. 34 പോയിന്റുമായി ചങ്ങനാശേരി അസംപ്ഷന്‍ കോളജാണ് മൂന്നാം സ്ഥാനത്ത്. പുരുഷ വിഭാഗത്തില്‍ കോതമംഗലം എംഎ കോളജ് 100 പോയിന്റുമായി മുന്നിട്ടുനില്‍ക്കുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജാണ് രണ്ടാം സ്ഥാനത്ത്- 45 പോയിന്റ്. ചങ്ങനാശേരി എസ്ബി കോളജ് 43 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്.
രാവിലെ നടന്ന സമ്മേളനത്തില്‍ എംജി യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റ് മെമ്പര്‍ ഡോ.എ. ജോസ് മീറ്റ് ഉദ്ഘാടനം ചെയ്തു. ഡോ.ബിനു ജോര്‍ജ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. അല്‍ഫോന്‍സ കോളജ് ബര്‍സാര്‍ റവ. ഡോ. ജോസ് ജോസഫ്, ഒളിമ്പ്യന്‍ മേഴ്സിക്കുട്ടന്‍, ഡോ. ബിജു തോമസ്, അല്‍ഫോന്‍സാ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍. റെജീനാമ്മ ജോസഫ്, ഡോ. തങ്കച്ചന് മാത്യു എന്നിവര്‍ പങ്കെടുത്തു. മീറ്റ് ഇന്ന് സമാപിക്കും.
മാരത്തണില്‍ റിക്കാര്‍ഡ്
അഞ്ജുവിന് സ്വന്തം
കോട്ടയം: മാരത്തണില്‍ അഞ്ജുവിന് റിക്കാര്‍ഡ്. കായികതാരം ഒ.പി. ജയിഷയുടെ പേരില്‍ 18 വര്‍ഷം മുമ്പുള്ള റിക്കാര്‍ഡാണ് അഞ്ജു മുരുകന് തിരുത്തിക്കുറിച്ചത്. ചങ്ങനാശേരി അസംപ്ഷന്‍ കോളജ് ഒന്നാം വര്‍ഷ എംഎ ചരിത്രവിദ്യാര്‍ഥിയായ അഞ്ജു 1 മണിക്കൂർ 21 മിനിറ്റിന്റെ റിക്കാര്‍ഡാണ് ഒരു മണിക്കൂര്‍ 20 മിനിറ്റും 32 സെക്കന്‍ഡുമായി തിരുത്തിക്കുറിച്ചത്. മാരത്തണിനൊപ്പം 10,000 മീറ്ററിലും അഞ്ജു മത്സരിക്കുന്നുണ്ട്. ഇടുക്കി വാഴത്തോപ്പ് കൊട്ടമുക്കിവിള മരുകന്- ബിന്ദു ദമ്പതികളുടെ മകളാണ്.
"മിന്നല്‍
മുരളി'യായി ആല്‍ബര്‍ട്ട്
കോട്ടയം: മിന്നല്‍ മുരളിയായി ആല്‍ബര്‍ട്ട് ജയിംസ് പൗലോസ്. എംജി യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റില്‍ 100 മീറ്ററിലാണ് കോതമംഗലം എംഎ കോളജിലെ ആല്‍ബര്‍ട്ട് ജയിംസ് പൗലോസ് ഒന്നാമതായി ഫിനിഷ് ചെയ്തത്.
കോളജിലെ മൂന്നാം വര്‍ഷ ആംഗലേയ സാഹിത്യ വിദ്യാര്‍ഥിയാണ് ആല്‍ബര്‍ട്ട്. അടിമാലി മില്ലമ്പടി കുറ്റിയാനിക്കല്‍ കെ.പി. ജയിംസ്-ലയ ദമ്പതികളുടെ മകനാണ്. ആദ്യമായാണ് 100 മീറ്ററില്‍ ആല്‍ബര്‍ട്ട് മത്സരിക്കുന്നത്.10.71 സെക്കൻഡുകള്‍ക്കാണ് ആല്‍ബര്‍ട്ട് ഫിനിഷ് ചെയ്തത്.
നാഷണല്‍ ഗെയിംസില്‍ റിലേ ടീമില്‍ അംഗമായിരുന്നു. ബാംഗളൂരില്‍ നടന്ന ഇന്റര്‍ യൂണിവേഴ്സിറ്റി മീറ്റില്‍ റിലേയ്ക്ക് ഓപ്പണ്‍ ട്രയലില്‍ ആല്‍ബര്‍ട്ട് അംഗമായ ടീം ഒന്നാമതെത്തിയിരുന്നു.
എംജി യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റ് ; അല്‍ഫോന്‍സയും എംഎ കോളജും കുതിക്കുന്നു
10:35 PM Dec 04, 2022 | Deepika.com