കിടങ്ങൂര്‍: നഴ്സിംഗ് രംഗത്തെ നാഷണല്‍ ഫ്േളാറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് നേടിയ കിടങ്ങൂര്‍ പഞ്ചായത്ത് പാലിയേറ്റിവ് നഴ്സ് ഷീലാ റാണിക്ക് പഞ്ചായത്തിലെ വിവിധ സംഘടനകളുടെ സഹകരണത്തോടെ പൗരസ്വീകരണം നല്കി. കഴിഞ്ഞ പതിനൊന്ന് വര്‍ഷക്കാലമായി കിടങ്ങൂര്‍ പഞ്ചായത്തിലെ സാന്ത്വന പരിചരണ മികവിനാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. പാലിയേറ്റീവ് പരിചരണ രംഗത്തെ ഒരു വ്യക്തിത്വത്തിന് ആദ്യമായി ലഭിച്ച അംഗീകാരമാണിത്. 2021-22 ലെ നഴ്സിംഗ് രംഗത്തെ സേവനങ്ങള്‍ ദേശീയ തലത്തില്‍ പരിഗണിച്ചാണ് കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് നഴ്സിന് ഫ്ലോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡിനായി തെരഞ്ഞെടുത്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും ഷീലാറാണി അവാര്‍ഡ് ഏറ്റുവാങ്ങി. അവര്‍ഡ് ജേതാവിനെ കിടങ്ങൂര്‍ ഹൈവേ ജംഗ്ഷനില്‍ നിന്നും സ്വീകരിച്ച് കിടങ്ങൂര്‍ എല്‍ പി ബി സ്ക്കൂളിലെ സമ്മേളന സ്ഥലത്തേയ്ക്ക് എത്തിച്ചു.
മോന്‍സ് ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തോമസ് ചാഴികാടന് എം പി ഉപഹാരം നല്കി ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി രോഗികള്‍ക്കുള്ള സഹായ വിതരണവും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം ആശാ പ്രവര്‍ത്തകര്‍ക്കുള്ള യൂണിഫോം വിതരണവും നിര്‍വഹിച്ചു. പാലിയേറ്റീവ് വോളന്റിയര്‍മാരെ ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍ മെമന്റോ നല്കി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഡോ. മേഴ്സി ജോണ്‍ മൂലക്കാട്ട്, അശോക് കുമാര്‍ പൂതമന, മെഡിക്കല്‍ ഓഫീസര്‍ ഡോ. രേഖ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്വീകരണം നല്കി
10:35 PM Dec 04, 2022 | Deepika.com