ചെറുതോണി: വാത്തിക്കുടി പഞ്ചായത്തിലെ ഉപ്പുതോട് പതിനേഴാം വാർഡിൽ പ്രവർത്തിക്കുന്ന ചരളങ്ങാനം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഐപി യൂണിറ്റ് പ്രവർത്തനം പുനഃരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോവിഡ് കാലത്ത് നിർത്തലാക്കിയ കിടത്തി ചികിത്സയാണ് രണ്ടു വർഷം കഴിഞ്ഞിട്ടും പുനഃരാരംഭിക്കാത്തത്.
വാത്തിക്കുടി, മരിയാപുരം, കാമാക്ഷി പഞ്ചായത്തുകളിലെ നൂറുകണക്കിനു രോഗികൾ ചികിത്സതേടി എത്തുന്ന ഈ ആശുപത്രിയിൽ ഐപി ഇല്ലാത്തതിനാൽ വലയുകയാണ്. ആശുപത്രിയിൽ ആധുനിക രീതിയിൽ സജ്ജമാക്കിയ ലാബ് ഉണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല. ആശുപത്രിയിലെത്തുന്ന രോഗികൾ മറ്റു സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്ന് ഉപ്പുതോട് പൗരസമിതി ആവശ്യപ്പെട്ടു.
യോഗത്തിൽ ആക്ഷൻ കമ്മിറ്റി പ്രസിഡന്റ് സണ്ണി പുൽക്കുന്നേൽ, ജോസഫ് പുളിക്കൽ, തങ്കച്ചൻ അമ്പാട്ടുകുഴി എന്നിവർ പ്രസംഗിച്ചു.
ചരളങ്ങാനം ആരോഗ്യകേന്ദ്രത്തിൽ കിടത്തിചികിത്സ ആരംഭിക്കണം
10:24 PM Dec 04, 2022 | Deepika.com