പാറത്തോട് : ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്തുണയ്ക്കുന്ന എൻഎസ്എസ്, എൻസിസി, എസ്പിസി യൂണിറ്റുകളെ ആദരിക്കാനായി സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഏർപ്പെടുത്തിയ സഹചാരി അവാർഡ് പാറത്തോട് സെന്റ് ജോർജ്സ് ഹൈസ്കൂൾ എൻസിസി യൂണിറ്റിന് ലഭിച്ചു.
ഗവ. എയ്ഡഡ് പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭിന്നശേഷിക്കാരായ കുട്ടികളെ പഠനത്തിലും മറ്റു പ്രവർത്തനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനത്തിന് പുറത്തും നടപ്പാക്കുന്ന മെഡിക്കൽ വിവിധ പരിപാടികളിലും സഹായം നൽകുന്നത് പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് മുട്ടം റൈഫിൽ ക്ലബിൽ നടന്ന ചടങ്ങിൽ ജില്ല കളക്ടർ ഷീബ ജോർജ് അവാർഡ് വിതരണം ചെയ്തു.
പതിനായിരം രൂപയും ഫലകവും പ്രശ്സതി പത്രവും അടങ്ങുന്ന പുരസ്കാരം സ്കൂൾ ഹെഡ്മാസ്റ്റർ സി. ഷാജി ജോസഫ്, പിടിഎ പ്രസിഡന്റ് കെ.എം. ഷാജി, എൻസിസി ഓഫീസർ മധു കെ. ജയിംസ്, എൻസിസി കേഡറ്റുമാരായ ബെനഡിക് സജി, സോനാ വി. സനിൽ, തെരേസ മധു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജു ജോമോൻ, തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ ജോസ് , ജില്ലാ സാമൂഹ്യനീതി ഓഫീസർ വി.ജെ. ബിനോയ്, ജില്ലാ പ്രബേഷൻ ഓഫീസർ ജി. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.
സഹചാരി പുരസ്കാരം പാറത്തോട് സെന്റ് ജോർജ്സ് എൻസിസിക്ക്
10:24 PM Dec 04, 2022 | Deepika.com