കണമല: ഇതര സംസ്ഥാനക്കാരായ നിരവധിപ്പേരെ പാർപ്പിച്ചിരിക്കുന്ന കണമലയിലെ സ്വകാര്യ കെട്ടിടത്തിന്റെ ഉടമയ്ക്ക് ആരോഗ്യ വകുപ്പും നോട്ടീസ് നൽകി. ശുചിത്വവും പ്രാഥമിക കൃത്യ സൗകര്യങ്ങളും കെട്ടിടത്തിൽ ഇല്ലെന്ന് ആരോപിച്ച് നേരത്തെ പോലിസ് നോട്ടീസ് നൽകിയിരുന്നു.
ഇക്കാര്യം അറിഞ്ഞതോടെ സ്ഥലത്ത് പരിശോധന നടത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കെട്ടിട ഉടമയ്ക്ക് നോട്ടീസ് നൽകുകയായിരുന്നു. ഇതര സംസ്ഥാനക്കാർ തിങ്ങി നിറഞ്ഞ നിലയിൽ താമസിക്കുന്ന കെട്ടിടത്തിൽ അടിസ്ഥാന സൗകര്യങ്ങൾ കുറവാണെന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ ബാബുക്കുട്ടൻ നടത്തിയ പരിശോധനയിൽ കണ്ടെത്തുകയും തുടർന്ന് പോലിസ് എത്തി നോട്ടീസ് നൽകുകയുമായിരുന്നു.
ഇതോടെയാണ് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പിൽ നിന്നും ഹെൽത്ത് സാനിറ്റേഷൻ വിഭാഗം ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയത്. ശബരിമല സീസണിൽ മുത്തുമാല, ചെണ്ട വിൽപനയ്ക്കായി എത്തിയ നാടോടി സംഘങ്ങളാണ് ദിവസ വാടക നൽകി കഴിയുന്നത്.
വൃത്തിഹീനമായി ഇതര സംസ്ഥാന ക്യാമ്പ്: ആരോഗ്യ വകുപ്പും നോട്ടീസ് നൽകി
10:15 PM Dec 04, 2022 | Deepika.com