കടുത്തുരുത്തി: അവിശ്വാസത്തിലൂടെ ചെയര്‍മാനെ പുറത്താക്കിയ കടുത്തുരുത്തി അര്‍ബൻ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 15 അംഗ ഭരണസമിതിയില്‍ എട്ടുപേരും രാജിവച്ചതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട് യുഡിഎഫ് ഭരണസമിതി പുറത്താവുകയായിരുന്നു. കേരള കോണ്‍ഗ്രസ് -എമ്മിലെ അഞ്ചും കോണ്‍ഗ്രസിലെ മൂന്നും അംഗങ്ങളാണ് രാജി സമര്‍പ്പിച്ചത്. ഇതോടെ ബാങ്ക് അഡ്മിനിസ്ട്രേറ്റിവ് ഭരണത്തിലാകുകയായിരുന്നു.
യുഡിഎഫിന് ഭൂരിപക്ഷമുള്ള ബാങ്ക് ഭരണസമിതിയില്‍ കോണ്‍ഗ്രസിലെ മൂന്ന് അംഗങ്ങള്‍ അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതോടെയാണ് ചെയര്‍മാനായിരുന്ന കോണ്‍ഗ്രസിലെ യു.പി. ചാക്കപ്പന് പുറത്തായത്. കേരള കോണ്‍ഗ്രസ് -എമ്മിലെ അഞ്ച് അംഗങ്ങളാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. കോണ്‍ഗ്രസിലെ മധു ഏബ്രഹാം, കെ.ആര്. സജീവന്, സി.കെ. ശശി എന്നിവരാണ് കേരള കോണ്‍ഗ്രസ് എമ്മിനോടൊപ്പം ചേര്‍ന്ന് അവിശ്വാസത്തെ പിന്തുണച്ചത്. ചെയര്‍മാന്റെ ഏകാധിപത്യ ഭരണത്തിനെതിരേ ഇവര്‍ കോൺഗ്രസ് നേതൃത്വത്തിനു നേരത്തെ പരാതി നല്‍കിയിരുന്നു.
ബാങ്കിലെ അഴിമതിയെക്കുറിച്ച് ലഭിച്ച പരാതിയില്‍ സഹകരണ വകുപ്പ് 66(1) പ്രകാരം നടത്തിയ പരിശോധനയില്‍ മൂന്ന് കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി. ഇതേത്തുടര്‍ന്ന് മാര്‍ച്ച് നാലിന് കോട്ടയം ജോയിന്റ് രജിസ്ട്രാര്‍ ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ക്കു ചാര്‍ജ് നൽകിയിരുന്നു.
ഇതിനെതിരേ ഭരണസമിതിയിലെ ആറ് കോണ്‍ഗ്രസ് അംഗങ്ങളും കേരള കോണ്‍ഗ്രസ് എമ്മിലെ നാലുപേരും കേരള കോണ്‍ഗ്രസിന്റെ ഒരംഗവും ചേര്‍ന്ന് ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തു. രാജിവച്ച മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളും കേരള കോണ്‍ഗ്രസ് എമ്മിലെ ഒരംഗവും ഇവരോടൊപ്പം ചേരാതെ വിട്ടുനില്‍ക്കുകയായിരുന്നു. രജിസ്ട്രാറുടെ പിരിച്ചുവിടല്‍ നടപടിയിലെ ചില വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കോടതി പിരിച്ചുവിടല്‍ ഉത്തരവ് റദ്ദാക്കുകയും വീഴ്ചകള്‍ പരിഹരിച്ചു വീണ്ടും പിരിച്ചുവിടല്‍ നടപടികള്‍ പൂര്‍ത്തിയാക്കാമെന്നും അതുവരെ ഭരണസമിതിക്കു നയപരമായ തീരുമാനങ്ങളൊന്നുമെടുക്കാതെ തുടരാമെന്നും ഉത്തരവായിരുന്നു.
തുടർന്ന് കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിൽ നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി പിരിച്ചുവിടലിന്റെ വക്കില്‍ എത്തിനില്ക്കുമ്പോളാണ് കേരള കോൺഗ്രസ് എം അംഗങ്ങളായ അഞ്ച് പേര് അവിശ്വാസത്തിനു നോട്ടീസ് നല്‍കിയത്. ചെയര്‍മാനോടുള്ള എതിര്‍പ്പ് മാത്രമല്ല, ഭരണസമിതി പിരിച്ചുവിട്ടാല്‍ അയോഗ്യതയും വന്‍ സാമ്പത്തിക ബാധ്യതയും ബോര്‍ഡ് മെംബറുമാര്ക്ക് നേരിടേണ്ടിവരുമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങവെയാണ് അവിശ്വാസം കൊണ്ടുവന്നത്.
കടുത്തുരുത്തി അര്‍ബൻ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന്
01:34 AM Dec 04, 2022 | Deepika.com