കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെയും സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന കേരളോത്സവത്തിന് തുടക്കം. മൂന്നുദിവസം നീണ്ടു നിൽക്കുന്ന കേരളോത്സവത്തിലെ കലാ-കായിക മത്സരങ്ങളിൽ ആദ്യ ഇനമായ ഫുട്ബോൾ ബ്ലോക്ക് പഞ്ചായത്ത് ഗ്രൗണ്ടിൽ കിക്കോഫ് ചെയ്തു കൊണ്ട് സി.കെ. ആശ എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.
വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ ആറ് ഗ്രാമപഞ്ചായത്തുകളിൽനിന്നുള്ള മത്സരാർഥികൾ കേരളോത്സവത്തിന്റെ ഭാഗമാകും. ബ്ലോക്ക് പഞ്ചായത്ത് ഗ്രൗണ്ട്, വൈക്കം ബാഡ്മിന്റൺ അക്കാദമി, സെന്റ് മൈക്കിൾസ് എച്ച്എസ്എസ് കുടവെച്ചൂർ, ടാഗോർ വോളിബോൾ ഗ്രൗണ്ട് ടിവി പുരം, നാനാടം ആതുരാശ്രമം സ്കൂൾ, വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹാൾ എന്നിവിടങ്ങളാണ് മത്സര വേദികൾ.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വീണ അജി, കെ.എസ്. ഗോപിനാഥൻ തുടങ്ങിയവർ ക്രിക്കറ്റ്, ബാഡ്മിന്റൺ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. മറവന്തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. രമ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ പി.ആർ. സലില, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ പങ്കെടുത്തു. നാളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്തിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം ചലച്ചിത്ര പിന്നണി ഗായിക ഡോ. വൈക്കം വിജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര പിന്നണി ഗായകൻ ദേവാനന്ദ് മത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം
01:34 AM Dec 04, 2022 | Deepika.com