ചെറുവത്തൂര്‍: വിനോദ-വിജ്ഞാന പരിപാടികളും വ്യാപാര മേഖലക്ക് ഉണര്‍വേകുന്ന പ്രദര്‍ശന-വില്‍പനമേളയുമായി ചെറുവത്തൂര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒരുക്കുന്ന ചെറുവത്തൂര്‍ ഫെസ്റ്റിന്റെ പവലിയന്റെ കാല്‍നാട്ടല്‍ കര്‍മം കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണന് നായര്‍ നിര്‍വഹിച്ചു. ഈ മാസം 16 മുതല്‍ ജനുവരി ഒന്നു വരെയാണ് ഫെസ്റ്റ് നടക്കുക. സംഘാടക സമിതി ഓഫീസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറയും ഫണ്ട് ശേഖരണം വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കരയും ഉദ്ഘാടനം ചെയ്തു.
ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.വി. രാഘവന്, പഞ്ചായത്ത് അംഗം രാജേന്ദ്രന് പയ്യാടക്കത്ത്, ടി. ശശിധരന്, കെ.സി.സതീശന്, പി.പി. മുസ്തഫ, മുഹമ്മദ് യാസര്‍ എന്നിവര്‍ പ്രസംഗിച്ചു. അമ്യൂസ്മെന്റ് പാര്‍ക്ക്, ആര്‍ട്ടിഫിഷ്യല്‍ ബേര്‍ഡ്സ് പാര്‍ക്ക്, ഫ്ളവര്‍ ഷോ, കലാ-സാംസ്കാരിക പരിപാടികള്‍ എന്നിവ ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കും.
ചെറുവത്തൂര്‍ ഫെസ്റ്റിന്റെ പവലിയന് കാല്‍നാട്ടി
01:24 AM Dec 04, 2022 | Deepika.com