കാസര്‍ഗോഡ്: ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റ ട്രസ്റ്റ് ഗവ.ആശുപത്രി സ്പെഷാലിറ്റി സൗകര്യങ്ങളോടെ നിലനിര്‍ത്തണമെന്ന് ജില്ലാ വികസന സമിതി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു കൂടി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം മാറ്റണം. ഇവിടെയുള്ള ഡോക്ടര്‍മാരെയും ജീവനക്കാരെയും മാറ്റുന്നത് സ്ഥാപനം അടച്ചിടുന്നതിന്റെ പ്രതീതി സൃഷ്ടിക്കുമെന്നും തത്കാലം ഒപി സംവിധാനത്തോടു കൂടിയെങ്കിലും ആശുപത്രി പ്രവര്‍ത്തനം മുന്നോട്ട് പോകണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ജീവനക്കാരുടെ കുറവ് വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി. ആരോഗ്യമേഖലയിലുള്‍പ്പെടെ ഇത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ആരോഗ്യവകുപ്പില്‍ വിവിധ വിഭാഗങ്ങളിലായി 49 ഡോക്ടര്‍മാരുള്‍പ്പെടെ 304 ഒഴിവുകളുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ യോഗത്തെ അറിയിച്ചു. 39 ഡോക്ടര്‍മാരെ പിഎസ്സി മുഖേന നിയമിച്ചെങ്കിലും ഒരാള്‍ മാത്രമാണ് ജോലിക്കെത്തിയത്. പിന്നീട് ഈ ഡോക്ടറും ഉപരിപഠനത്തിന് പോയി. താത്കാലികമായി ഡോക്ടര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചെങ്കിലും ഉദ്യോഗാര്‍ഥികളെത്തുന്നില്ലെന്നും ഡിഎംഒ അറിയിച്ചു.
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശുചിമുറികളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
നീലേശ്വരം, ചെറുവത്തൂര്‍ മിനി സിവില്‍ സ്റ്റേഷനുകളുടെ നിര്‍മാണം വേഗത്തില്‍ ആരംഭിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെ യോഗം വിളിക്കണമെന്നും എം.രാജഗോപാലന്‍ എംഎല്‍എ ആവശ്യപ്പെട്ടു. വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായ വെസ്റ്റ് എളേരി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ പാലന്തടത്ത് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം. കോവിഡ് കാലത്ത് നിര്‍ത്തിയ കൊന്നക്കാട്-എളേരിത്തട്ട്-പുലിയന്നൂര്‍-പറശിനിക്കടവ് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കണമെന്നും മലയോരജനതയുടെ യാത്രാ പ്രശ്നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയപാത വികസനത്തിന്റെ ഭാഗമായി സര്‍വീസ് റോഡുകള്‍ കൃത്യമായി ഒരുക്കാത്തത് പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി. ദേശീയ പാതയുടെ സമീപത്തുള്ള വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് റോഡ് മുറിച്ച് കടക്കുന്നതിനുള്ള പ്രയാസം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ യോഗത്തിന്റെ ശ്രദ്ധയില്‍ പെടുത്തി.കളക്ടര്‍ സ്വാഗത് ഭണ്ഡാരി അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി.ശാന്ത, ഗ്രാമപഞ്ചായത്ത് അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ.പി.വത്സലന്‍, സബ് കളക്ടര്‍ സൂഫിയാന് അഹമ്മദ്, എഡിഎം എ.കെ.രമേന്ദ്രന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ.എസ്.മായ എന്നിവര്‍ സംബന്ധിച്ചു.
ടാറ്റ ആശുപത്രി സ്പെഷാലിറ്റിയായി ഉയര്‍ത്തണം: ജില്ലാ വികസന സമിതി
01:24 AM Dec 04, 2022 | Deepika.com