കാഞ്ഞങ്ങാട്: ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ മൂന്നുദിവസമായി പടന്നക്കാട് ബേക്കല്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്ന ഉണര്‍വ് 22 ഭിന്നശേഷി കലോത്സവത്തിന് ആവേശോജ്വല സമാപനം. ശാരീരിക പരിമിതികള്‍ കഴിവുകള്‍ക്ക് തടസമല്ലെന്ന് തെളിയിച്ച പ്രകടനമാണ് വിദ്യാര്‍ഥികള്‍ കാഴ്ചവച്ചത്.
115 പോയിന്റുമായി കാഞ്ഞങ്ങാട് റോട്ടറി സ്പെഷല്‍ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. 76 പോയിന്റോടെ മുളിയാര്‍ അക്കര ഫൗണ്ടേഷന് രണ്ടാം സ്ഥാനവും 49 പോയിന്റുമായി ചെര്‍ക്കള മാര്‍ത്തോമ ബധിര വിദ്യാലയം മൂന്നാം സ്ഥാനവും നേടി. 17 ഇനങ്ങളില്‍ 28 സ്കൂളുകളില്‍ നിന്നായി 360 കുട്ടികള്‍ പങ്കെടുത്തു.
സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപന് അധ്യക്ഷത വഹിച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സി.കെ ഷീബ മുംതാസ്, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ പി.ബിജ, ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ സംഘടനയായ പെയ്ഡിന്റെ ജില്ലാ പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം, ഗവ.സ്പെഷ്യല്‍ സ്കൂള്‍ ടീച്ചേഴ്സ് ട്രെയിനിംഗ് സെന്റര്‍ കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍ പി.ജെ.ബിന്‍സി, ബാലചന്ദ്രന്, അബൂബക്കര്‍ കോയ, ഷക്കീര്‍ എന്നിവര്‍ പ്രസംഗിച്ചു. കലോത്സവത്തിന് മുന്നോടിയായി നടന്ന വിളംബര ഘോഷയാത്രയില്‍ കാഞ്ഞങ്ങാട് റോട്ടറി സ്പെഷല്‍ സ്കൂള്‍ ഒന്നാം സ്ഥാനവും കയ്യൂര്‍ ചീമേനി സ്നേഹതീരം സ്പെഷല്‍ സ്കൂള്‍ രണ്ടാം സ്ഥാനവും നേടി.
ട്രാന്‍സ്ജെന്‍ഡര്‍ ആര്‍ട്ടിസ്റ്റുകളായ ഇഷ കിഷോര്‍, അജിത്ത് നാരായണന്, പൂര്‍ണിമ സുമേഷ്, ഷംസീന സമദ് എന്നിവരാണ് കലോത്സവത്തിനായി കുട്ടികളെ അണിയിച്ചൊരുക്കിയത്. കാസര്‍ഗോഡ് ഗവ.സ്പെഷല്‍ ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററിലെ അധ്യാപക വിദ്യാര്‍ഥികളാണ് കലോത്സവത്തിന്റെ സംഘാടനത്തിലും പ്രചാരണത്തിലും നിറഞ്ഞുനിന്നത്. ഇതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ ഫ്ളാഷ് മോബും അവതരിപ്പിച്ചിരുന്നു. അരങ്ങില്‍ പരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ കുട്ടികള്‍ക്ക് ചുവടുകള്‍ തെറ്റാതിരിക്കാന്‍ സദസിലിരുന്ന് അവര്‍ക്കൊപ്പം ചുവട് വെച്ച അധ്യാപകരും ശ്രദ്ധ നേടി.
ഭിന്നശേഷി കലോത്സവത്തിന് ആവേശോജ്വല സമാപനം
01:24 AM Dec 04, 2022 | Deepika.com