വടക്കഞ്ചേരി : നാളികേര വിലയിടിവിൽ നട്ടംതിരിയുന്ന കേരകർഷകർക്ക് ആശ്വാസമായി ആരോഗ്യപുരത്ത് കർഷക കൂട്ടായ്മയിൽ വെളിച്ചെണ്ണ ഉല്പാദനം. ഏഴ് കർഷകർ ചേർന്നാണ് സെവൻ സ്റ്റാർ എന്ന പേരിൽ പച്ചത്തേങ്ങ സംഭരിച്ച് ഉണക്കി കൊപ്രയാക്കി വെളിച്ചെണ്ണ ഉല്പാദനം നടത്തുന്നത്. സെവൻ സ്റ്റാർ എന്ന ലേബലിലാണ് വെളിച്ചെണ്ണ വിപണിയിൽ എത്തിക്കുന്നത്.
കർഷകർ തന്നെ നേരിട്ട് ഉണ്ടാക്കുന്ന മായം കലരാത്ത ഏറ്റവും ശുദ്ധമായ വെളിച്ചെണ്ണ എന്ന നിലയിൽ ആരോഗ്യപുരം വെളിച്ചെണ്ണയ്ക്ക് കടകളിലും വലിയ ഡിമാന്റുണ്ട്. ആരോഗ്യത്തിന് ആരോഗ്യപുരത്തെ വെളിച്ചെണ്ണ എന്നതാണ് കർഷകരുടെ പുതിയ സംരംഭത്തിന്റെ അപ്തവാക്യം. കർഷക കൂട്ടായ്മയിൽ നാളികേര സംഭരണം തുടങ്ങിയതോടെ മേഖലയിലെ കേരകർഷകരും ഏറെ സന്തോഷത്തിലാണ്.
നാളികേരത്തിനു ഉയർന്ന വില ലഭിക്കുന്നതിനാൽ നാളികേരം വേണോ എന്ന് ചോദിച്ച് മറ്റുള്ളവർക്ക് മുന്നിൽ തലകുനിക്കേണ്ട ആവശ്യമില്ല. കേരഫെഡിന്റെ നാളികേര സംഭരണം കാര്യക്ഷമമല്ലാത്തതിനാൽ നാളികേരം വിൽക്കാൻ വഴിയില്ലാതെ കർഷകർ ബുദ്ധിമുട്ടുന്നതിനിടെയാണ് സിബി തുറുവേലിൽ മാനേജിംഗ് പാർട്ണറായി കർഷകർ തന്നെ വെളിച്ചെണ്ണ ഉല്പാദകരായി മാറിയത്.
വിൽസണ് കണ്ണാടൻ, രാജി ചിറയ്ക്കൽ, ബിജു ഇടശേരി, സബിൻ പാലായിൽതയ്യിൽ, ലിബിൻ നീർണാൽ, ബെനിറ്റോ കുന്നപ്പിള്ളിൽ എന്നീ കർഷകരുടെ കൂട്ടായ്മയാണ് സംരംഭത്തിനു പിന്നിൽ. നാളികേരവില വലിയ നഷ്ടങ്ങളിലേക്കു കൂപ്പുകുത്തുന്ന സ്ഥിതി വന്നപ്പോഴാണ് വിൽസണ് കണ്ണാടനും കൂട്ടരും കേരകർഷകരെ രക്ഷിക്കാൻ നാളികേര സംഭരണം നടത്തി വെളിച്ചെണ്ണയാക്കി വിപണിയിലിറക്കാമെന്ന ആശയം കൊണ്ടുവന്നത്.
സുഹൃത്തുക്കളായ മറ്റു കർഷകരും പിന്തുണ പ്രഖ്യാപിച്ചതോടെ സംരംഭത്തിന്റെ പ്രവർത്തനങ്ങൾ പിന്നെ വേഗത്തിലായി. ചിറയ്ക്കൽ രാജി സ്ഥലം നൽകാൻ തയാറായപ്പോൾ ചെറിയ കെട്ടിടവും ഡ്രയറും മറ്റു യന്ത്ര സംവിധാനങ്ങളുമെല്ലാമുണ്ടായി. പന്ത്രണ്ടായിരം നാളികേരം വരെ ഉണക്കാൻ സൗകര്യമുള്ള ഡ്രയറാണ് ഇവിടെയുള്ളത്. ചൂടുള്ള കാലാവസ്ഥയാണെങ്കിൽ രണ്ടുദിവസം കൊണ്ട് നാളികേരം ഉണക്കി കൊപ്രയാക്കാം. ആവശ്യക്കാർക്ക് നാളികേരം ഉണക്കി വെളിച്ചെണ്ണയാക്കിയും കൊടുക്കും. ഏഴുപേരും ഒന്നിച്ചാണ് എല്ലാ പണികളും ചെയ്യുക. ഇവരിൽ യുവകർഷകരുമുണ്ട്. ഇവിടെ മുതലാളി തൊഴിലാളി അങ്ങനെയൊന്നുമില്ല.
എല്ലാവരും മുതലാളിമാരും അതേസമയം തന്നെ തൊഴിലാളികളുമാണ്. പച്ചതേങ്ങ ഉടച്ച് ഡ്രയറിൽ വയ്ക്കുന്നതും ചിരട്ട കുത്തികളയലും വെളിച്ചെണ്ണയാക്കി കുപ്പികളിലാക്കുന്നതും ലാബൽ ഒട്ടിക്കുന്നതും വിപണിയിൽ എത്തിക്കുന്നതുമെല്ലാം ഒന്നിച്ചാണ്. വടക്കഞ്ചേരി, മംഗലംഡാം മേഖലയിലെ മിക്കവാറും എല്ലാ കടകളിലും തന്നെ ഇന്ന് ആരോഗ്യപുരം വെളിച്ചെണ്ണയുണ്ട്. മായം കലർന്ന വെളിച്ചെണ്ണയുമായി വിപണിയിൽ നല്ല മത്സരം ഉണ്ടെങ്കിലും ആരോഗ്യത്തിന് മുൻഗണന നല്കുന്നവരെല്ലാം ആരോഗ്യപുരം വെളിച്ചെണ്ണ ചോദിച്ചു വാങ്ങുന്നുണ്ടെന്ന് കടക്കാരും സാക്ഷ്യപ്പെടുത്തുന്നു.
നാളികേര വിലയിടിവിനു തടയിടാൻആരോഗ്യപുരത്ത് കർഷക കൂട്ടായ്മയിൽ സെവൻ സ്റ്റാർ വെളിച്ചെണ്ണ ഉല്പാദനം
12:56 AM Dec 04, 2022 | Deepika.com