പാലക്കാട്: കേരളത്തിലെ തൊഴിലന്വേഷകരിൽ 37 ശതമാനം പേരും ഉന്നത വിദ്യാഭ്യാസം നേടിയവരെന്ന് തദ്ദേശസ്വയംഭരണഎക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി പാലക്കാട് മേഴ്സി കോളജിൽ നടന്ന നിയുക്തി മെഗാ ജോബ് ഫെസ്റ്റ് 2022 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കുടുംബശ്രീ അടുത്തിടെ നടത്തിയ സർവേ പ്രകാരം കേരളത്തിൽ 53 ലക്ഷം തൊഴിലന്വേഷകർ ഉണ്ട്. ഇതിൽ 40 വയസിന് താഴെയുള്ളവർ 29 ലക്ഷം പേരാണ്. ഉന്നത വിദ്യാഭ്യാസമുള്ള തൊഴിലന്വേഷകരുടെ എണ്ണം കേരളത്തിൽ കൂടുതലാണെന്നും കേരളത്തിലെ ബഹുഭൂരിപക്ഷം തൊഴിലന്വേഷകരും വിദ്യാസന്പന്നരാണെന്നും അദ്ദേഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ വർഷത്തിൽ 7000, 8000 നിയമനങ്ങൾ പിഎസ്സി വഴി നടക്കുന്പോൾ കേരളത്തിൽ അത് മുപ്പതിനായിരത്തിലധികം ആണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിൽ 1,61,000 പേർക്ക് പിഎസ്സി വഴി നിയമനം നല്കിയെന്ന് മന്ത്രി പറഞ്ഞു. നിയുക്തി ജോബ് ഫെസ്റ്റ് വിദ്യാഭ്യാസ സന്പന്നർക്ക് അർഹമായ തൊഴിൽ ലഭിക്കുവാനുള്ള വഴിയാണെന്നും മന്ത്രി പറഞ്ഞു.
നിയുക്തി മെഗാ ജോബ് ഫെസ്റ്റിൽ 4911 പേർ ഓണ്ലൈനായും 1500 ലധികം പേർ ഓഫ് ലൈനായും രജിസ്ട്രേഷൻ നടത്തി. പാലക്കാട് മേഴ്സി കോളജിൽ നടന്ന പരിപാടിയിൽ പാലക്കാട് നഗരസഭ ചെയർപേഴ്സണ് പ്രിയ അജയൻ അധ്യക്ഷയായി. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ എം. സുനിത, വൊക്കേഷണൽ ഗൈഡൻസ് ഓഫീസർ എസ്. ബിനുരാജ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
തൊഴിലന്വേഷകരിൽ 37% ഉന്നത വിദ്യാഭ്യാസം നേടിയവരെന്ന് മന്ത്രി എം.ബി. രാജേഷ്
12:56 AM Dec 04, 2022 | Deepika.com